പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു: ​ഗുരുതര സുരക്ഷാവീഴ്ചയെന്ന് എസ്പിജി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന്റെ സുരക്ഷാപദ്ധതി ചോർന്നതിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എന്നാൽ കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. ഔദ്യോഗിക രഹസ്യനിയമ പ്രകാരമാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ക്രമീകരണവും ഉദ്യോഗസ്ഥ വിന്യാസവും വിശദീകരിച്ച് സംസ്ഥാന പൊലീസ് ഇന്റലിജൻസ് മേധാവി തയാറാക്കിയ 49 പേജ് റിപ്പോർട്ടാണ് ചോർന്നത്.

ഗുരുതര സുരക്ഷാവീഴ്ചയിൽ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) അടക്കമുള്ള കേന്ദ്ര ഏജൻസികൾ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടർന്ന് സുരക്ഷാപദ്ധതി പുനഃക്രമീകരിച്ചു. ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ തയാറാക്കിയ റിപ്പോർട്ടിൽ പ്രധാനമന്ത്രി പോകുന്ന വഴികൾ, വിശ്രമിക്കുന്ന സ്ഥലങ്ങൾ, സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥരുടെ പേരുകൾ, ഭക്ഷണം പരിശോധിക്കാൻ ചുമതലപ്പെട്ടവരുടെ വിവരങ്ങൾ തുടങ്ങിയവയുണ്ടായിരുന്നു.

പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിക്കത്തിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയിൽ ഉൾപ്പെട്ട എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് റിപ്പോർട്ട് കൈമാറിയിരുന്നത്. ഒരു ടിവി ചാനൽ ഈ റിപ്പോർട്ടിനെക്കുറിച്ച് വാർത്ത നൽകിയപ്പോഴാണ് ഇതു ചോർന്ന വിവരം ശ്രദ്ധയിൽപെട്ടത്.

സുരക്ഷാ പദ്ധതി സന്ദേശം വാട്സാപ് വഴി പുറത്തുകൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി നീരീക്ഷണത്തിലാക്കിയിരുന്നു. ഒരു ഡിവൈഎസ്പിയുടെ ഓഫിസിലെ സിവിൽ പൊലീസ് ഓഫിസറാണു വാട്സാപ് വഴി വിതരണം ചെയ്തെന്നാണു വിവരം. ഈ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുന്നതിനും നടപടിയെടുക്കുന്നതിനും ഉന്നതതലത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →