ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങളെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളില്‍ ഡല്‍ഹി പോലീസിന്റെ പ്രതികരണം തേടി സുപ്രീം കോടതി.
ബ്രിജ്ഭൂഷണെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ കോടതി 27/04/23 വെള്ളിയാഴ്ച വാദം കേള്‍ക്കും. രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ള ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ലൈംഗികപീഡനം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരാതിക്കാരെ തിരിച്ചറിയുന്ന പരാമര്‍ശങ്ങള്‍ പരാതിയില്‍നിന്ന് ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ പീഡനത്തിന് ഇരകളായവരുടെ പേരുകള്‍ പരാതിയിലുണ്ട്.

പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസ് തയാറാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ലൈംഗിക ഉപദ്രവത്തിനു തെളിവായി വീഡിയോ റെക്കോഡിങ്ങുകളുണ്ട്. ഏഴു വനിത താരങ്ങളാണ് ഇരകള്‍. ഇതിലൊരാള്‍ സ്വര്‍ണ മെഡല്‍ ജേതാവായ 16 വയസുകാരിയാണ്. കപില്‍ സിബല്‍ പറഞ്ഞു. ബ്രിജ്ഭൂഷണെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുകയാണ്.
ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്‌രംഗ് പൂനിയ അടക്കമുള്ളവര്‍ ഇവര്‍ക്കു പിന്തുണയുമായി രംഗത്തുണ്ട്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ താരങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ദേശീയ ഗുസ്തി ഫെഡറേഷന്‍ മേയ് ഏഴിനു നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് അസാധുവാണെന്നു കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു കരുതുന്നു. ഫെഡറേഷന്റെ ചുമതലകള്‍ നിര്‍വഹിക്കാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് അഭ്യര്‍ഥിച്ചു. അതിനിടെ, ഗുസ്തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കരുതെന്നു സര്‍വീസസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് (എസ്.എസ്.സി.ബി.) തങ്ങളുടെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും നിര്‍ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →