ദില്ലി : “ഓപ്പറേഷൻ കാവേരിക്ക് ” നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് യാത്ര. 2023 ഏപ്രിൽ 25 ചൊവ്വാഴ്ച രാവിലെ മന്ത്രി ജിദ്ദയിലെത്തും. ആഭ്യന്തര സംഘർഷം കത്തിപ്പടർന്ന സുഡാനിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ ഐഎൻഎസ് സുമേധ സുഡാൻ തുറമുഖത്ത് എത്തി.
500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചുകഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്.

