തിരുവനന്തപുരം: കേരളത്തിനുള്ള അര്‍ധ അതിവേഗ വന്ദേഭാരത് ട്രെയിനും കൊച്ചിയിലെ വാട്ടര്‍ മെട്രോയും നാടിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ തടിച്ചുകൂടിയ ബി ജെ പി പ്രവര്‍ത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തു. പതിവ് ശൈലിയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഫൂട്ട് സ്റ്റെപ്പില്‍ നിന്നാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്. ചെണ്ടമേളവും നാടന്‍ കലാരൂപങ്ങളുമായി മോദിയെ വരവേല്‍ക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ വഴിയുടെ പല ഭാഗങ്ങളില്‍ തടിച്ചുകൂടിയിരുന്നു. ബി ജെ പി കൊടിയും ഫ്ലക്സുമേന്തിയാണ് പലരും നിന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് രാവിലെ ഒമ്പതോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വായുസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. അല്പ സമയത്തിനകം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിന്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിയില്‍ നിന്ന് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദിണ്ടിഗല്‍- പളനി- പാലക്കാട് റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയുടെ വേഗം വര്‍ധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനം എന്നിവയും നിര്‍വഹിക്കും.