യു.പി. ഇരട്ടക്കൊല: അന്വേഷണത്തിന് പ്രത്യേകസംഘം

ലഖ്‌നൗ: അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. ഡി.ജി.പി: ആര്‍.കെ. വിശ്വകര്‍മയുടെ നിര്‍ദേശപ്രകാരമാണു നടപടി. പ്രത്യേക സംഘത്തെ പ്രയാഗ്‌രാജ് എ.ഡി.ജി.പി. നയിക്കും. പ്രയാഗ്‌രാജ് പോലീസ് കമ്മിഷണര്‍, ലഖ്‌നൗ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ശനിയാഴ്ച രാത്രിയാണ് പ്രയാഗ്‌രാജില്‍ പോലീസിന്റെ കണ്‍മുന്നില്‍വച്ച് അതീഖും അഷ്‌റഫും വെടിയേറ്റു മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതീഖ് അഹമ്മദിന്റെ മുതദേഹത്തില്‍നിന്ന് ഒമ്പതു വെടിയുണ്ടകളും സഹോദരന്‍ അഷ്‌റഫിന്റെ മൃതദേഹത്തില്‍നിന്ന് 5 വെടിയുണ്ടകളും കണ്ടെടുത്തു.

അതീഖിന്റെ തലയിലാണ് ഒരു വെടിയേറ്റിരിക്കുന്നത്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തും. അഷ്‌റഫിന്റെ മുഖത്തും പുറത്തുമാണു വെടിയേറ്റിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘമാണ് ഇരുവരെയും വധിച്ചത്. സംഭവത്തില്‍ ലവ്‌ലേഷ് തിവാരി (22), സണ്ണി സിങ്- 23), അരുണ്‍ മൗര്യ (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പത്തിനു പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം.
ബി.എസ്.പി: എം.എല്‍.എ. രാജുപാല്‍ 2005 ല്‍ കൊല്ലപ്പെട്ട കേസിലും ആ കേസിലെസാക്ഷി ഉമേഷ് പാല്‍ കഴിഞ്ഞ ഫെബ്രുവരി 24നും കൊല്ലപ്പെട്ടതടക്കം 100 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതീഖ്.

അതേസമയം, കനത്ത പോലീസ് സുരക്ഷയില്‍ ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങള്‍ കബറടക്കി. 16/04/23 ഞായറാഴ്ച രാത്രിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ പ്രയാഗ് രാജിലെ കൗസരി മസാറി സംസ്‌കാരസ്ഥലത്തേക്ക് കൊണ്ടുവന്നത്. ആതിഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയും ജുവെനെല്‍ ഹോമില്‍ നിന്നും സ്ഥലത്ത് എത്തിച്ചിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കബറടക്കം.
അതിനിടെ, അഹമ്മദ് സഹോദരന്‍മാരുടെ കൊലപാതകം അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്നംഗ ജുഡീഷ്യല്‍ സമിതി രൂപീകരിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ജുഡീഷ്യല്‍ അന്വേഷണ സമിതിയില്‍ മുന്‍ ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി, മുന്‍ ഡി.ജി.പി: സുബേഷ് കുമാര്‍ സിങ് എന്നിവരാണ് അംഗങ്ങള്‍. സമിതി രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →