കര്‍ണാടക: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യസ്ഥാനാര്ഥിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക ബി.ജെ.പിയില്‍ കലാപം രൂക്ഷമാകുന്നു. ആദ്യപട്ടികയില്‍ ഇടം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി രംഗത്തെത്തി.
12/04/23 ബുധനാഴ്ച രാവിലെ മുതിര്‍ന്നനേതാവ് ലക്ഷ്മണ് സവാദി ബി.ജെ.പി. വിട്ടതിനു പിന്നാലെ, മുന്‍ എം.എല്‍.എ. ദൊഡ്ഡപ്പഗൗഡ പാട്ടീല്‍ നരിബോലും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു. മന്ത്രി എസ്. അംഗാരയും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. മൂവരും സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടവരാണ്. താന്‍ ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരനാണെന്നും ആരുടെയും പിന്നാലെ ഭിക്ഷാപാത്രവുമായി നടക്കില്ലെന്നും ലക്ഷ്മണ് സവാദി പ്രതികരിച്ചു. ലക്ഷ്മണ് കോണ്‍ഗ്രസില്‍ ചേരുമെന്നാണു സൂചന. എന്നാല്‍, അദ്ദേഹം താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നു പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തനായ ലക്ഷ്മണ്, സംസ്ഥാനത്തെ ലിംഗായത്ത് സമുദായനേതാക്കളില്‍ പ്രമുഖനും മികച്ച സംഘാടകനുമാണ്. 2018-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം അതാനി നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. 2012-ല്‍ നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന്റെ പേരില്‍ വിവാദനായകനായ ലക്ഷ്മണ്, 2019-ല്‍ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പി. അധികാരം പിടിച്ചതില്‍ മുഖ്യപങ്ക് വഹിച്ചു. കഴിഞ്ഞതവണ ലക്ഷ്മണിനെ പരാജയപ്പെടുത്തുകയും പിന്നീട് കോണ്‍ഗ്രസ് വിടുകയും ചെയ്ത മഹേഷ് കുമതഹള്ളിക്കാണ് ഇത്തവണ ബി.ജെ.പി. അതാനി സീറ്റ് നല്‍കിയത്. മഹേഷ് ഉള്‍പ്പെടെ കൂറുമാറിയെത്തിയ നിരവധി എം.എല്‍.എമാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്.
ആദ്യപട്ടികയില്‍ ഇടം ലഭിക്കാത്ത മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബി.ജെ.പി. കേന്ദ്രനേതൃത്വത്തെക്കണ്ട് സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തി. ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മത്സരിക്കാനുള്ള താല്പര്യം അറിയിച്ചു. ഷെട്ടാറിനെ അനുനയിപ്പിക്കാന്‍ മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്തിറങ്ങിയിട്ടുണ്ട്. ഷെട്ടാറിനു 99 ശതമാനവും സീറ്റ് ലഭിക്കാനാണു സാധ്യതയെന്നു യെദിയൂരപ്പ മാധ്യമങ്ങളോടു പറഞ്ഞു. ഷെട്ടാറിനു സ്ഥാനാര്‍ഥിത്വം നിഷേധിച്ചാല്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന ഹുബ്ബാള്ളി മണ്ഡലത്തിലും വടക്കന്‍ കര്‍ണാടക മേഖലയിലും ബി.ജെ.പിയുടെ സാധ്യതകളെ ബാധിക്കുമെന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രബലമായ ലിംഗായത്ത് സമുദായാംഗവുമാണു ഷെട്ടാര്‍.
സ്ഥാനാര്‍ഥിത്വം ലഭിക്കില്ലെന്ന സൂചന ലഭിച്ചപ്പോള്‍തന്നെ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ കെ.എസ്. ഈശ്വരപ്പ താന്‍ മത്സരിക്കാനില്ലെന്നു വ്യക്തമാക്കി കേന്ദ്രനേതൃത്വത്തിനു കത്തയച്ചിരുന്നു. ഈശ്വരപ്പയോടുള്ള നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് ശിവമൊഗ്ഗ ജില്ലയിലെ പാര്‍ട്ടി ഭാരവാഹികള്‍ 12/04/23 ബുധനാഴ്ച കൂട്ടരാജി സമര്‍പ്പിച്ചു. ജില്ലയിലെ പാര്‍ട്ടി നേതൃനിരയിലുള്ള 19 മുനിസിപ്പല്‍ കോര്പ്പറേഷന് അംഗങ്ങളും ഒരു മേയറും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു.
ബി.ജെ.പിയുടെ ആദ്യഘട്ടം സ്ഥാനാര്‍ഥിപ്പട്ടികയില്‍ 189 പേരാണുള്ളത്. ഒട്ടേറെ എം.എല്‍.എമാര്‍ക്കു സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍, കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയെത്തിയവര്‍ക്കു പട്ടികയില്‍ പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. 52 പേര് പുതുമുഖങ്ങളാണ്. 224 അംഗ കര്‍ണാടക നിയമസഭയിലേക്കു മേയ് 10-നാണ് തെരഞ്ഞെടുപ്പ്.

