സെഗെങ്: വിമതപക്ഷത്തിനുനേരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മ്യാന്‍മറില്‍ നൂറിലേറെ മരണം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ സെഗെങ് പ്രവിശ്യയില്‍ കഴിഞ്ഞ 11 ന് സായുധ കലാപകാരികളായ വിമതപക്ഷം വിളിച്ച യോഗത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്കു നേരേയായിരുന്നു ആക്രമണമെന്നു സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ”ഭീകരര്‍”ക്കു സഹായം നല്‍കിയതിനാണു സിവിലിയന്‍മാരെ വധിക്കാന്‍ നിര്‍ബന്ധിതരായതെന്നാണു വിശദീകരണം. സംഘര്‍ഷഭരിതമായ രാജ്യത്ത് സൈനികാക്രമണത്തില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുനൂറോളം പേര്‍ പങ്കെടുത്ത യോഗത്തിലേക്ക് സൈനികവിമാനത്തില്‍നിന്നു ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു.
നൊബേല്‍ സമ്മാന ജേതാവുകൂടിയായ ഓങ് സാ സ്യൂകിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിന്റെ പതനത്തിനുശേഷം മ്യാന്‍മറില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമാണ്. സ്യൂകിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം 2021 മുതല്‍ പട്ടാളഭരണമാണു രാജ്യത്ത് നിലവിലുള്ളത്.