പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടൽ; മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു

ആലപ്പുഴ: ജീവന്റെ തുടിപ്പുമായുള്ള പൊലീസിന്റെ ഓട്ടം വെറുതെയായില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. മരിച്ചെന്ന് യുവതി പറഞ്ഞ നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തി രക്ഷക്കായി പാഞ്ഞോടിയ പൊലീസിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാനടക്കമുള്ളവർ രംഗത്ത് വന്നു. നവജാതശിശു രക്ഷപ്പെട്ടു എന്ന വിവരം ഫേസ്ബുക്കിലൂടെ മന്ത്രി പങ്കുവച്ചു. 2023 ഏപ്രിൽ നാലിന് രാവിലെ 11 മണിയോടെയാണ് അമിതരക്തസ്രാവവുമായി യുവതി ആശുപത്രിയിലെത്തുന്നത്. വീട്ടിൽ വെച്ച് പ്രസവിച്ചുവെന്നും മരിച്ച കുഞ്ഞിനെ കുളിമുറിയിൽ ഉപേക്ഷിച്ചെന്നുമാണ് യുവതി ആശുപത്രി അധികൃതരെ അറിയിച്ചത്. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവൻ രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി ഇവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും കുറിച്ചു.

സജി ചെറിയാന്റെ കുറിപ്പ് :
ജീവന്റെ തുടിപ്പുമായുള്ള ഈ ഓട്ടം വെറുതെയായില്ല. മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു. 04/04/23 ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് ചെങ്ങന്നൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രക്തസ്രാവത്തെ തുടർന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. എന്നാൽ കുഞ്ഞ് ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകൻ പറഞ്ഞതിനെ തുടർന്ന് ഡോക്ടർ പൊലീസിൽ വിവരം നൽകുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസ് ആശുപത്രിയിലെത്തി. കുട്ടിയെ ശുചിമുറിയിലെ ബക്കറ്റിൽ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പൊലീസ് സംഘം പോകുകയായിരുന്നു. ബക്കറ്റിനുള്ളിൽ തുണിയിൽ പൊതിഞ്ഞ ആൺകുഞ്ഞിനെ കണ്ട എസ്‌ ഐ എം സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പൊലീസ് വാഹനത്തിൽ ഉടനടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഒമ്പത് മാസം തികയാതെ 28-ാം ആഴ്ചയിൽ  പ്രസവിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവൻ രക്ഷപ്പെടുത്തിയത്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →