സുൽത്താൻബത്തേരി : സുൽത്താൻബത്തേരിയിൽ നിന്ന് 2023 ജനുവരി 9-ന് പിടികൂടിയ കാട്ടാനയെ തിരികെ കാട്ടിൽ വിടാൻ വനം വകുപ്പ് ആലോചന തുടങ്ങി. വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെയാണ് ആവശ്യം. ഇതിൻറെ സാധ്യത പരിശോധിക്കുവാൻ പി സിസിഎഫ് ഗംഗാസിംഗ് അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പരിസ്ഥിതി സംഘടന പ്രവർത്തകരും സമിതിയിൽ അംഗങ്ങളാണ്.
ബത്തേരി നഗരത്തിൽ ഇറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച പിഎം -2 എന്ന കാട്ടാനയെ 2023 ജനുവരി 9-ന് മയക്കു വെടി വെച്ച് മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചിരുന്നു. പാപ്പാന്മാരുടെ ശിക്ഷണത്തിൽ മെരുങ്ങി തുടങ്ങിയ ആനയെ പുറത്തിറക്കി കുങ്കിയാന പരിശീലനം തുടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ആലോചന. കാട്ടിലേക്ക് തിരികെവിടാൻ ആണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരും എന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
തമിഴ്നാട്ടിൽ രണ്ടുപേരെ കൊന്ന പന്തല്ലൂർ മഖ്ന 2 എന്ന കാട്ടാനയെ തമിഴ്നാട് വനം വകുപ്പ് പിടിച്ച് റേഡിയോ കോളർ ഘടിപ്പിച്ച് 2022 ഡിസംബറിൽ സത്യമംഗലം കാടുകളിലേക്ക് വിട്ടിരുന്നു. എന്നാൽ ഈ ആന തിരികെ പന്തല്ലൂരിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തി വീടുകൾ തകർത്തു അരി തിന്നും കൃഷിയിടങ്ങൾ നശിപ്പിച്ചും ഭീതി പരത്തിയിരുന്നു. സമാധാനം നഷ്ടപ്പെട്ട ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് ആനയെ വനംവകുപ്പ് പിടികൂടുന്നത്.