തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ജാഥക്ക് സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായതായും എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായും പാർട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ ബാധിച്ചില്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്.
എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ നിർദേശങ്ങൾ എത്രത്തോളം നടപ്പായെന്ന അവലോകനവും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. 2023 മാർച്ച് 30 വ്യാഴാഴ്ചയും 31 വെള്ളിയാഴ്ചയും സംസ്ഥാന സമിതി യോഗങ്ങൾ യാത്രയുടെ വിലയിരുത്തൽ നടത്തും.
എം.വി. ഗോവിന്ദൻ നയിച്ച ജാഥ 2023 ഫെബ്രുവരി 20ന് കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. മാർച്ച് 18ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തായിരുന്നു സമാപനം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

