അജ്‍മാൻ: കാറിടിച്ച് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻമരിച്ചു. 2023 മാർച്ച് 27 തിങ്കളാഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അജ്‍മാനിലെ അൽ നുഐമിയ ഏരിയയിൽ റമദാനിലെ രണ്ടാം ദിവസമയിരുന്നു സംഭവം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന അൽ നുഐമിയയിലെ വില്ലയ്ക്ക് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന പിതാവ് തന്റെ കാറിൽ നിന്ന് ചില സാധനങ്ങൾ എടുക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ കുട്ടിയും പിതാവിന്റെ കണ്ണുവെച്ചിട്ട് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു അറബ് പൗരൻ ഓടിച്ചിരുന്ന വാഹനം കുട്ടിയെ ഇടിച്ചത്. അറബ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് കുട്ടിയ്ക്ക് അടിയന്തിര ചികിത്സകൾ നൽകിയിരുന്നു. കുട്ടി അതീവ ഗുരുതരാവസ്ഥായിലാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും അമ്മ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷം രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ദമ്പതികളുടെ ഇളയ മകനാണ് മരണപ്പെട്ടത്.