യുക്രൈനിലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ രണ്ട് അവസരങ്ങൾ നൽകാനാണ് കേന്ദ്ര സർക്കാരിന് നിർദേശം. എംബിബിഎസ് പാർട്ട് 1, പാർട്ട് 2 എന്നിവ പാസാകാൻ വിദ്യാർത്ഥികൾക്ക് അന്തിമ അവസരം നൽകുമെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു.
ഇന്ത്യൻ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ. തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലാണ് പ്രാക്ടിക്കൽ നടത്തുക. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാർഥികൾ രണ്ട് വർഷ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ആദ്യ വർഷം സൗജന്യമായിരിക്കും. രണ്ടാം വർഷം എൻഎംസി (നാഷനൽ മെഡിക്കൽ കമീഷൻ) തീരുമാനിച്ച പ്രകാരമുള്ള തുക നൽകുമെന്നും കേന്ദ്രം അറിയിച്ചു. ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും നിലവിലുള്ള കാര്യങ്ങൾക്ക് മാത്രമേ ഇത് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
2022 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ‘ഓപ്പറേഷൻ ഗംഗ’ വഴി 18000 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെയാണ് കേന്ദ്രസർക്കാർ ഇന്ത്യയിലേക്ക് എത്തിച്ചത്. തിരിച്ചെത്തിയ വിദ്യാർത്ഥികളെ രാജ്യത്ത് തന്നെ പരീക്ഷയെഴുതിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ കേന്ദ്രസർക്കാർ നിലപാട്.