കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ കോൺഗ്രസ് ശക്തമായി തെരുവിൽ നേരിടും: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

തിരുവനന്തപുരം: കൈ കാണിച്ചിട്ട് വാഹനം നിർത്തിയില്ലെന്ന കാരണത്താൽ സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പൊലീസിന്റെ നടപടി കിരാതമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തൃപ്പൂണിത്തുറ സംഭവത്തിലെ കുറ്റക്കാരായ പൊലീസുകാർക്കെതിരെ കണ്ണിൽ പൊടിയിടുന്ന നടപടിയെടുത്തു സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാൽ കോൺഗ്രസ് ശക്തമായി തെരുവിൽ നേരിടുമെന്നും സുധാകരൻ പറഞ്ഞു.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചതുപോലെ സാധാരണക്കാരുടെ മേൽ കുതിര കയറുന്ന മനോനിലയാണു പൊലീസിന്. പൂർണ സംരക്ഷണം നൽകുന്ന ഭരണകൂടമാണ് അവർക്കു പ്രചോദനം. മുഖ്യമന്ത്രിയുടെ ഭാഷയിൽ ഇത് വെറും ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. മുഖ്യമന്ത്രിക്ക് കുടുംബം ഉള്ളതുപോലെ ഇവർക്കും കുടുംബമുണ്ടെന്ന് മറക്കരുത്. ആ കുടുംബത്തിന്റെ അത്താണിയെ നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവാദി സർക്കാരും ആഭ്യന്തര വകുപ്പുമാണ്.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള അത്താഴപ്പട്ടിണിക്കാരുടെ നേർക്ക് കയ്യോങ്ങാൻ കാക്കിയിട്ട ഗുണ്ടാപ്പടയ്ക്ക് കഴിയും. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് സ്വർണം കടത്തിയവരെയും സിപിഎമ്മിന് വേണ്ടി കൊലനടത്തുന്ന കൊടി സുനിമാരെയും സ്ത്രീപീഡകരെയും കാണുമ്പോൾ പൊലീസ് പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നിൽക്കും. രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയും പിണറായിയുടെ പൊലീസ് നരനായാട്ടാണ് നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനായിരുന്നു.

തെരുവുഗുണ്ടകളെ പോലെയാണു കോൺഗ്രസ് പ്രവർത്തകരോടു പൊലീസ് പെരുമാറിയത്. മോദിയെ തൊട്ടാൽ പിണറായിക്കാണ് പൊള്ളുന്നത്. ഈ തീക്കളി അവസാനിപ്പിക്കാൻ പൊലീസും മുഖ്യമന്ത്രിയും തയാറായില്ലെങ്കിൽ വലിയ വിലനൽകേണ്ടി വരും. കേരള പൊലീസിന്റെ കെടുകാര്യസ്ഥതയും ഗുണ്ടായിസവും നാൾക്കുനാൾ കൂടി വരികയാണ്. 60,000 പൊലീസുകാരെക്കൊണ്ട് മൂന്നരക്കോടി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാമെന്നു മുഖ്യമന്ത്രി കരുതിയാൽ ആഭ്യന്തര മന്ത്രിയെയും കാക്കിക്കുള്ളിലെ ക്രിമിനലുകളെയും ജനം തെരുവിൽ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്നും സുധാകരൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം