മനോഹരന്റെ മരണത്തിൽ ഹിൽ പാലസ് പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ജ. കെമാൽ പാഷ

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് സ്റ്റേഷനിലെ എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. കേസ് അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നൽകിയിരിക്കുന്നത്.

പൊലീസിന് അമിതാധികാരം ഉണ്ടെന്ന തോന്നലിലാണ് ഇത്തരം സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നതെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മനുഷ്യരാണെന്ന മറവിയാണ് പൊലീസുകാർക്ക്. കൃത്യമായ ട്രെയിനിങ് പോലും ഇവർക്ക് കിട്ടുന്നില്ല. പൊലീസുകാരെ ആദ്യം മനുഷ്യത്വമാണ് പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. റോഡിൽ കൂടി പോകുന്ന മനുഷ്യനെ വെറുതെ പിടിച്ച് അടിക്കുകയാണ്. വാഹന പരിശോധനയിൽ, മരിച്ച മനോഹരൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പൊലീസിന് വൈരാഗ്യം തീരാതെയാണ് പിടിച്ചുകൊണ്ടുപോയതും മർദിച്ചതുമെന്നും കെമാൽ പാഷ പറഞ്ഞു.

മനോഹരന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ‘മനോഹരൻ മദ്യപിച്ചിട്ടോ ഹെൽമറ്റ് വക്കാതെയോ അല്ല വാഹനമോടിച്ചത്. പിന്നെ എന്തിനാണ് കസ്റ്റഡിയിലെടുത്തത്. അവന്റെ ഭാര്യക്കും മക്കൾക്കും ഇനി ആര് ചിലവിന് കൊടുക്കും? അഞ്ചിലും പ്ലസ് വണ്ണിലും പഠിക്കുന്ന മക്കളാണ് അവന്. ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാർക്കുമെതിരെ നടപടി എടുക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും ജനകീയ സമിതി അംഗങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു.

മനോഹരനെ പൊലീസ് മർദിച്ചു എന്നാരോപിച്ച് സഹോദരൻ വിനോദ് രംഗത്തെത്തി. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരൻ വ്യക്തമാക്കി. എന്നാൽ മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുൻപിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നുമാണ് ഹിൽപാലസ് പൊലീസിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →