തിരുവനന്തപുരം: ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ വൻ തോതിൽ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തെത്തുടർന്നാണിത്. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതും വിദേശത്തുവെച്ചടക്കം പണം കൈമാറ്റം നടത്തിയതുമാണ് ഇൻകം ടാക്സ് അന്വേഷിക്കുന്നത്. ഈ ഇടപാടുകളിലെ കളളപ്പണം സംബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് പരിശോധന.
ഫാരിസ് അബൂബക്കർ വിവാദത്തിൽ തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതുവരെ ഫോണിൽ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കറെന്നും ആരോപണം ഉന്നയിക്കാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫാരിസ് അബൂബക്കർ ബന്ധുവെന്ന ആരോപണത്തിനായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
കൊച്ചിയിലടക്കം ഇടനിലക്കാരെ ഉപയോഗിച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ആക്ഷേപം, ഇതിനായി കടലാസ് കമ്പനികൾ ഉണ്ടാക്കിയോ എന്നും കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. ഇപ്പോൾ വിദേശത്തുളള ഫാരിസ് അബൂബക്കറിനോട് ഈയാഴ്ച തന്നെ ചെന്നൈയിലെത്താൻ ഇൻകം ടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കിട്ടിയ വിവരങ്ങൾ കൂടി ചേർത്താകും എൻഫോഴ്സ്മെന്റ് അന്വേഷണം. കേരളത്തിലേതടക്കം പല പ്രമുഖരുടെയും ബിനാമി കള്ളപ്പണം ഈ ഭൂമിയിടപാടുകളിൽ ഉണ്ടോയെന്നും എൻഫോഴ്സ്മെന്റ് പരിശോധിക്കും.