കേരളത്തിൽ റംസാൻ വ്രതാരംഭം 23 മുതൽ

കോഴിക്കോട്: കോഴിക്കോട് മാസപ്പിറവി ദൃശ്യമായതോടെയാണ് കേരളത്തിലും നാളെ റംസാൻ വ്രതാരംഭം കുറിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അറിയിച്ചു. 2023മാർച്ച് 23 വ്യാഴം റമദാൻ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി എന്നിവരും അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്.

ഒമാൻ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല. ഒമാന്റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. മാർച്ച് 21 ചൊവ്വാഴ്ച സൗദി അറേബ്യയിൽ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈർ, സുദൈർ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വ്യാഴാഴ്ച റമദാൻ മാസാരംഭം കുറിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →