സാന്‍ഫ്രാന്‍സിസ്‌കോയില്‍ കോണ്‍സുലേറ്റില്‍ ഖലിസ്ഥാന്‍ ആക്രമണം

സാന്‍ഫ്രാന്‍സിസ്‌കോ(യു.എസ്): ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയ പതാകയെ അപമാനിച്ചതിനു പിന്നാലെ, സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേയും ആക്രമണം. സംഭവത്തെ യുഎസ് അപലപിച്ചു. വന്‍ജനക്കൂട്ടം കോണ്‍സുലേറ്റ് കെട്ടിടത്തിനു മുന്നില്‍ തടിച്ചുകൂടി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഫ്രീ അമൃത്പാല്‍ എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്പ്രേ കൊണ്ട് എഴുതുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ അതിക്രമം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാന്‍ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു ആക്രമണം. കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന് സമീപത്ത് സ്ഥാപിച്ച ഖലിസ്ഥാന്‍ കൊടികള്‍, കോണ്‍സുലേറ്റിലെ ജീവനക്കാരെന്നു കരുതുന്ന മൂന്നുപേര്‍ നീക്കം ചെയ്യുന്നത് പുറത്തെത്തിയ വീഡിയോയില്‍ കാണാം.

ഇതിനിടെ, മുദ്രാവാക്യം മുഴക്കിക്കൊണ്ട് അപ്പുറത്തുനിന്ന വലിയ ആള്‍ക്കൂട്ടം ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കുകയായിരുന്നു. വാതില്‍ അടച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് അകത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന കൊടികെട്ടിയ വടികൊണ്ട് വാതിലുകളും ജനലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഉച്ചത്തിലുള്ള പഞ്ചാബി സംഗീതത്തിന്റെ അകമ്പടിയോടെ ഖലിസ്ഥാന്‍ പതാകകളുമേന്തി മുദ്രാവാക്യം വിളികളോടെയാണ് അക്രമികള്‍ സംഘടിച്ചെത്തിയത്. അതേസമയം, ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫീസിനു മുന്നിലെ ത്രിവര്‍ണ പതാക ഖാലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു.

സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ, അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →