രാജ്യത്ത് എക്സ് ബി ബി1.16 കൊവിഡ് വകഭേദം: ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. എക്സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകള്‍ വീണ്ടും ഒരു വര്‍ധനക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍, പുതിയ വകഭേദം ഗുരുതരമല്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എയിംസ് മുന്‍ ഡയറക്ടറും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവിയുമായിരുന്ന ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്ചു. കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡെല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ജനുവരിയിലാണ് ഇന്ത്യയില്‍ എക്സ് ബി ബി 1.16 വകഭേദം ആദ്യമായി റിപ്പോര്‍ട് ചെയ്തത്.മാര്‍ച്ചില്‍ മാത്രം 15 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സകോഗ് വ്യക്തമാക്കി. അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 841 പേരാണ് ഇന്നലെ രോഗബാധിതരായി ചികില്‍സ തേടിയത്. നാല് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 5389 ആയി വര്‍ധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Share
അഭിപ്രായം എഴുതാം