സസ്‌നേഹം തൃശൂര്‍; കൈമൊഴി- ആംഗ്യഭാഷാ സാക്ഷരതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ജില്ലാ സ്‌കില്‍ കലണ്ടറും അമൂല്യ എംപ്ലോയ്‌മെന്റ് സെല്ലിന്റെയും ഉദ്ഘാടനവും നടന്നു

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സസ്നേഹം തൃശൂര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി- കൈമൊഴിയുടെ ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും അവരെക്കൂടി മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ സഹായിക്കുകയും ചെയ്യുകയെന്നത് സമൂഹത്തിലെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ മാര്‍ഗത്തിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സസ്‌നേഹം പദ്ധതിയുടെ ഭാഗമായി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിഐപികളെയല്ല, ഭിന്ന ശേഷിക്കാരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെയുള്ള സമൂഹങ്ങളെയാണ് നാം ചേര്‍ത്തുപിടിക്കുകയും മുന്‍ഗണന നല്‍കുകയും ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരം കാണാന്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കാഴ്ചാ, ശ്രവണ പരിമിതികള്‍ ഉള്ളവര്‍ക്കും കൂടി ആസ്വദിക്കാന്‍ അവസരമൊരുക്കാനുള്ള ജില്ലാ ജലക്ടറുടെ തീരുമാനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രവണ, സംസാര പരിമിതികള്‍ ഉള്ളവരും പൊതുസമൂഹവും തമ്മില്‍ ചുരുങ്ങിയ തോതിലെങ്കിലും ആശയവിനിമയം സാധ്യമാക്കുകയെന്നതാണ് കൈമൊഴി പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. അതിനാവശ്യമായ ആംഗ്യ ഭാഷ പഠിക്കുകയെന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. സമൂഹത്തിലെ മുഴുവന്‍ പേര്‍ക്കും അവരുമായി അടിസ്ഥാനപരമായ ആശയ വിനിമയം നടത്താനുള്ള ആംഗ്യഭാഷാ സാക്ഷരത ഉണ്ടാക്കിയെടുക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.

കൈമൊഴി പദ്ധതിയുടെ ആദ്യപടിയായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ആംഗ്യഭാഷാ പരിശീലനം പദ്ധതിയിലൂടെ നല്‍കും. ജില്ലാ ഭരണകൂടവും നിപ്മറും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി 50 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് നിപ്മര്‍ ഇതിനകം പരിശീലനം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് കോളേജ് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനാണ് പരിപാടിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇംഗ്ലീഷ് അക്ഷരമാലയുടെ ആംഗ്യ ഭാഷ ജില്ലാ കലക്ടറും പരിശീലനം ലഭിച്ച കോളേജ് വിദ്യാര്‍ഥികളും സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. കൈമൊഴി പഠനത്തെ സഹായിക്കുന്നതിന് നിപ്മര്‍ തയ്യാറാക്കിയ വീഡിയോ പാഠാവലിയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു.

കൈമൊഴിയുടെ ഡിജിറ്റല്‍ ബുക്കിലേക്കുള്ള ചിത്രങ്ങള്‍ തയാറാക്കിയ ഭിന്നശേഷിക്കാരന്‍ കൂടിയായ അഞ്ജന്‍ സതീഷിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സദസ്സില്‍ വച്ച് താന്‍ വരച്ച ജില്ലാ കളക്ടറുടെയും സബ് കളക്ടറുടെയും രേഖാചിത്രം ചടങ്ങില്‍ വച്ച് അഞ്ജന്‍ സതീഷ് അവര്‍ക്ക് സമ്മാനിച്ചു.

ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്ററുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ ലഭ്യമാക്കുന്നതിനായുള്ള അമൂല്യ എംപ്ലോയ്മെന്റ് സെല്ലിന്റെയും ഉദ്ഘാടനവും ജില്ലയില്‍ ലഭ്യമായിട്ടുള്ള വിവിധ നൈപുണ്യ പരിശീലന പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ജില്ലാ സ്‌കില്‍ കലണ്ടറിന്റെ പ്രകാശനവും ചടങ്ങില്‍ വച്ച് നിര്‍വഹിക്കപ്പെട്ടു. വിവിധ നൈപുണ്യ വികസന പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിവിധ പരിശീലനങ്ങളെ കുറിച്ചും ട്രെയിനിംഗ് സെന്ററുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സ്‌കില്‍ കലണ്ടര്‍ സഹായിക്കും. ജില്ലയിലെ തൊഴില്‍ ദാതാക്കളെയും ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളെയും ബന്ധിപ്പിക്കുന്ന ഒരു ഹബ്ബ് എന്ന നിലയിലാണ് അമൂല്യ എംപ്ലോയ്മെന്റ് സെല്‍ പ്രവര്‍ത്തിക്കുക.

ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, നിപ്മര്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, മഹാത്മാഗാന്ധി നാഷണല്‍ ഫെല്ലോ സോനല്‍ കുരുവിള, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് കെ ഭവദാസന്‍, അംഹ പ്രിന്‍സിപ്പാള്‍ ഭാനുമതി ടീച്ചര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സൂപ്രണ്ട് സിനോ സേവി,  വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →