തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസും രംഗത്ത്‌

മൂന്നാര്‍ : റവന്യൂ ഭൂമിയും കൃഷിക്കാരുടെ ഭൂമിയും വളച്ചുകെട്ടി സ്വന്തമാക്കുന്നതിന്‌ വനംവകുപ്പ്‌ നടത്തുന്ന ശ്രമങ്ങള്‍ വിവാദവും പരാതിയും സമരവുമായി വളരുകയാണ്‌. അതേ പാതയില്‍ പോലീസും സഞ്ചരിക്കുന്ന വാര്‍ത്തയാണ്‌ മൂന്നാറില്‍ കൊരണ്ടിക്കാട്ടില്‍ നിന്നും റിപ്പോര്‍ട്ടായിരിക്കുന്നത്‌. തോട്ടം തൊഴിലാളികളുടെ തുണ്ടുഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസ്‌ പിന്തുണ നല്‍കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. വനംവകുപ്പിന്റെ ഭൂമി പിടുത്തത്തിന്‌ പിന്നാലെയാണ്‌ തോട്ടം തൊഴിലാളികളുടെ തുണ്ടു്‌ ഭൂമികള്‍ പിടിച്ചെടുക്കാന്‍ പോലീസും രംഗത്തെത്തിയിരിക്കുന്നത്‌. വനം വകുപ്പ്‌ മൂന്നാര്‍, കഞ്ഞിക്കുഴി തുടങ്ങിയ സ്‌ഥലങ്ങളില്‍ 15 ലക്ഷം രൂപ വീതം കൊടുത്തു കൃഷിക്കാരുടെ ഭൂമി വിലയ്‌ക്ക്‌ വാങ്ങി വനമാകുന്നതിനൊപ്പം പെരിഞ്ചാന്‍ കൂട്ടി, ചിന്നക്കനാല്‍, ആനച്ചാല്‍ എന്നിവിടങ്ങളില്‍ റവന്യൂഭൂമി സ്വന്തം നിലയില്‍ റിസര്‍വ്‌ ഫോറസ്‌റ്റ്‌ ആയി പ്രഖ്യാപിച്ച്‌ കയ്യടക്കുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. അതോടൊപ്പമാണ്‌ ഭാഷാ ന്യൂന പക്ഷങ്ങളായ തമിഴ്‌ പട്ടികജാതികളടക്കമുളളവരും നൂറ്റാണ്ടുകളായി ഭൂരഹിതരും ഭവന രഹിതരും ആയി കഴിയുന്ന തോട്ടം തൊഴിലാളികളുടെ ഭൂമി പിടിച്ചെടുക്കാനുളള പദ്ധതിയുമായി വനം വകുപ്പ്‌ രംഗത്തെത്തിയിരിക്കുന്നത്‌. അതിലേക്കായി അവര്‍ പോലീസിനെ കൂട്ടുപിടിച്ചിരിക്കുകയാണ്‌.
.
തോട്ടം തൊഴിലാളികളുടെ ഒരുതുണ്ടുഭൂമി എന്ന സ്വപ്‌നത്തിന്‌ പോലീസ്‌ വിലങ്ങുതടിയാവുന്നു

തോട്ടം തൊഴിലാളികളുടെ സ്വന്തമായി ഒരുതുണ്ടുഭൂമി എന്ന സ്വപ്‌നത്തിന്‌ ആണ്‌ പോലീസ്‌ വിലങ്ങുതടിയാവുന്നത്‌. കണ്ണന്‍ദേവന്‍ ആക്ട്‌ പ്രകാരം ടാറ്റാ കമ്പനിക്ക്‌ ഭൂമി അപ്പോള്‍ അവിടെ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയും ഭൂമി മാറ്റിവച്ചിരുന്നു. പക്ഷേ ഇന്നേവരെ തൊഴിലാളികള്‍ക്ക്‌ ഭൂമി ലഭ്യമാക്കിയിട്ടില്ല. അതില്‍ അവകാശം ഉന്നയിച്ച്‌ കേസ്‌ നടത്തുന്നവരുടെ ഭൂമിയാണ്‌ പോലീസിന്റെ സഹായത്തോടുകൂടി പിടിച്ചെടുത്തിരിക്കുന്നത്‌. തൊഴിലാളികള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി ഉപേക്ഷിച്ചുപോകാന്‍ വേണ്ടി അവരെ സമ്മര്‍ദപ്പെടുത്തുന്നതിനായി പോലീസ്‌ കളളക്കേസ്‌ എടുത്തിരിക്കുന്നുഎന്നാണ്‌ പരാതി. കൊരണ്ടിക്കാട്‌ എ്‌റ്റേറ്റ്‌ ഡിവിഷനിലെ നിവാസികളായ ശങ്കര്‍, ശിവകുമാര്‍ എന്നിവരാണ്‌ തൊഴിലാളികള്‍ക്ക അര്‍ഹതപ്പെട്ട ഭൂമിയില്‍ അവകാശം ഉന്നയിച്ചത്‌. ഭൂമിയിലുളള അവകാശം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നതിനായി മൂന്നാര്‍ സിഐ കളളക്കേസ്‌ എടുത്തുവെന്നാണ്‌ ശഹ്‌കറും ശിവകുമാറും ഡിജിപിക്ക്‌ പരാതി നല്‍കിയിരിക്കുന്നത്‌. ഇതിനുപിന്നില്‍ വന്‍ സാമ്പത്തികരാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ്‌ മനസിലാക്കുന്നത്‌.

ഇതിനുപിന്നാലെ ഈപ്രദേശത്തെ ഭൂമി കണ്ണന്‍ദേവന്‍ കമ്പനി ജീവനക്കാര്‍ അന്യായമായി കയ്യേറി വേലിനിര്‍മിക്കുന്നുവെന്നും തങ്ങളുടെ ഉപജീവന മാര്‍ഗമായ കുതിരയെ ഉപദ്രവിക്കാന്‍ശ്രമിക്കുന്നുവെന്നും കാണിച്ച്‌ 2023 ഫെബ്രുവരി 17ന്‌ ശങ്കറും ശിവകുമാറും ചേര്‍ന്ന്‌ മൂന്നാര്‍ സിഐക്ക്‌ പരാതി നല്‍കിയിരുന്നു. സിഐ കേസില്‍ ഇടപെട്ടില്ലെന്നുമാത്രമല്ല മാര്‍ച്ച്‌ 1ന്‌ പരാതിക്കാരായ ശങ്കര്‍, ശിവകുമാര്‍ എന്നിവരുടെ പേരില്‍ ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച്‌ കേസില്‍ പെടുത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌. വൈകിട്ട്‌ മൂന്നരയോടെ സിഐ ഉള്‍പ്പടെയുളള പോലീസ്‌ സംഘം സ്ഥലത്തെത്തുകയും പരാതിക്കാര്‍ നല്‍കിയിരുന്ന പരാതിയിലെ എതിര്‍ വിഭാഗക്കാരെ സഹായിക്കുന്ന വിധത്തില്‍ പെരുമാറിയതായും അതുവഴി പരാതിക്കാരെ മോശക്കാരാക്കാനുളള ആസൂത്രിത നീക്കമാണ്‌ സിഐയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളളതെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

മാട്ടുപെട്ടി, കൊരണ്ടിക്കാട്‌ പ്രദേശങ്ങളിലെ ഭൂമി പ്രശ്‌നത്തില്‍ മൂന്നാര്‍ സിഐയുടെ അനാവശ്യ ഇടപെടലിനെതിരെ കൊരണ്ടിക്കാട്‌ എസ്‌റ്റേറ്റ്‌ ഡിവഷന്‍ നിവാസികളായ ശങ്കര്‍, ശിവകുമാര്‍ എന്നിവര്‍ സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സിഎ മനേഷ്‌ കെ പൗലോസിനെതിരെ ഡിജിപി അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിരുന്നു. 2023 മാര്‍ച്ച 2ന്‌ നല്‍കിയ പരാതി പരിശോധിച്ച്‌ നടപടി സ്വീകരിക്കാന്‍ ഡിജിപി ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ സ്‌പെഷല്‍സെല്‍ എസ്‌പിക്ക്‌ കൈമാറുകയും ചെയ്‌തു. നിക്ഷിപ്‌ത താല്‌പര്യങ്ങളുടെ പേരില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ആളുകളെ കള്ളക്കേസില്‍ കുടുക്കുന്നത്‌ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടാന്‍ മതിയായ കാരണമാണെന്ന്‌ ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ്‌ മൂന്നാറില്‍ പോലീസിന്റെ ഈ നടപടി. പോലീസ്‌ സേനക്കുതന്നെ നാണക്കേട്‌ ഉണ്ടാക്കുന്ന സംഭവമാണിത്‌. വകുപ്പുതല അന്വേഷണത്തിനാണ്‌ ഡിജിപിയുടെ ഉത്തരവ്‌. പക്ഷെ നാളിതുവരെയുളള അനുഭവത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്‌ തലത്തില്‍ നടന്ന അന്വേഷണങ്ങളില്‍ കുറ്റം തെളിയിക്കപ്പെട്ടിട്ടുളളത്‌ വളരെ ചുരുക്കം ചില കേസുകളില്‍ മാത്രമാണ്‌. ഈ കേസിലും അതുതന്നെ സംഭവിക്കാനാണ്‌ സാധ്യത.

പട്ടയം, കൈവശ ഭൂമി, സര്‍ക്കാര്‍ റവന്യൂ തരിശ്‌ എന്നീ വിധങ്ങളില്‍ ഉളള ഭൂമികളില്‍ വനം വകുപ്പ്‌ അവകാശം സ്ഥാപിക്കുവന്‍ നടത്തുന്ന ശ്രമങ്ങള്‍ ജില്ലയില്‍ ആക്ഷേപവും സമരവുമായി നീറി പുകഞ്ഞ്‌ നില്‍ക്കുന്നതിനിടെയാണ്‌ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക്‌ അര്‍ഹതപ്പെട്ട ഭൂമിക്കുവേണ്ടിയുളള സമരങ്ങളെ പരാജയപ്പെടുത്തുവാന്‍ പോലീസും രംഗത്തെത്തിയിരിക്കുന്നത്‌. ആ നിലയില്‍ കൊരണ്ടിക്കാട്ടിലെ ഭൂമി വിവാദവും പരാതിയും പ്രത്യേക അന്വേഷണവും ശ്രദ്ധയും നേടിയിരിക്കുകയാണ്‌.

ഇടുക്കി ജില്ലയിലെ സി എച്ച്‌ ആര്‍ മേഖല മുഴുവന്‍ വനം ആക്കണമെന്ന്‌ വനം വകുപ്പ്‌

ഇതിനുപുറമേ ഇടുക്കി ജില്ലയിലെ സി എച്ച്‌ ആര്‍ മേഖല മുഴുവന്‍ വനം ആക്കണമെന്നും ഏലത്തോട്ടം ഉടമകളെ മുഴുവന്‍ കുടിയൊഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു പരിസ്ഥതി സംഘടന നല്‍കിയ ഹര്‍ജിയില്‍ 2023 മാര്‍ച്ച്‌ 17ാം തിയതി സുപ്രീംകോടതിയില്‍ വാദം നടക്കുകയാണ്‌. വന വിസ്‌തൃതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതോടൊപ്പം കാട്ടുമൃഗ ആക്രമണങ്ങളില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗമായ കാര്‍ഷിക വിളകള്‍ നശിക്കുകയുമാണ്‌.1897 ല്‍ തിരുവിതാംകൂര്‍ രാജഭരണം ഹൈറേഞ്ചില്‍ 15,720 ഏക്കര്‍ ഭൂമി ഏലമലപ്രദേശമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ ഏലകൃഷിക്കുവേണ്ടി പ്രത്യേക ചട്ടങ്ങളും നിലവില്‍ വന്നു. ഈ പ്രദേശങ്ങളിലെ മരങ്ങളുടെ സംരക്ഷണ ചുമതല വനംവകുപ്പിനെ ആണ്‌ ഏല്‍പ്പിച്ചിരുന്നത്‌. എന്നാല്‍ ഇതിന്റെ മറവില്‍ ഈ പ്രദേശം വനമാക്കാന്‍ ഇപ്പോള്‍ ചില നിഗൂഡ ശക്തികള്‍ ശ്രമിച്ചുവരികയാണ്‌. 1958 ലും 1987 ലും സംസ്ഥാന സര്‍ക്കാര്‍ ഈ പ്രദേശം റവന്യൂ ഭൂമിയാണെന്ന്‌ വ്യക്തമാക്കി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുളളതാണ്‌. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ചില പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ സുപ്രീം കോടതിയില്‍ 2005 ല്‍ കേസ്‌ കൊടുത്തിരുന്നു. 5 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശം 1980 ലെ വനസംരക്ഷണ നിയമ പ്രകാരംവനമാക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.

ഏലംകൃഷിക്ക്‌ മാത്രമല്ല ഭക്ഷ്യവിളകളും മറ്റുകൃഷികളും കൃഷി ചെയ്യാന്‍ രാജഭരണകാലത്ത്‌ പട്ടയം നല്‍കിയിട്ടുണ്ട്‌ എന്നാല്‍ നിരന്തരമായി പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ പേരില്‍ പരിസ്‌ഥിതി സംഘടനകളും, മറ്റുചിലരും വനംപരിസ്‌ഥിതി നിയമങ്ങള്‍ ഉപയോഗപ്പെടുത്തി കോടതി വ്യവഹാരങ്ങളിലൂടെ മലയോര ജനതയുടെ ഭൂമി അവകാശങ്ങളെ വേട്ടയാടുകയാണ്‌. ഇവരുടെ പുറകില്‍ വനം വകുപ്പിലെ ചില ഉന്നതോദ്യോഗസ്ഥന്മാരാണെന്നും അറിയുന്നു. നിര്‍മ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, ബഫര്‍ സോണ്‍, അര്‍ഹരായവര്‍ക്ക്‌ പട്ടയം ലഭിക്കാത്തത്‌, പട്ടയചട്ടങ്ങളുടെ ഭേദഗതി തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുടെ കൂടെ മൂന്നാര്‍ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കു നീക്കിവച്ച ഭൂമിയും നിഷേധിക്കുന്ന സാഹചര്യവും പുതിയ പ്രശ്‌നമായി ചേര്‍ക്കപ്പെടുന്നു.

.

Share
അഭിപ്രായം എഴുതാം