സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പഞ്ചായത്തായി വേലൂര്‍; നേട്ടം സംസ്ഥാനത്ത് ആദ്യം

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കപ്പെടുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പൂര്‍ണമായി വിതരണം ചെയ്ത ആദ്യ പഞ്ചായത്തായി വേലൂര്‍ ഗ്രാമപഞ്ചായത്ത്. സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ലയെന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയെന്ന നിലയ്ക്കാണ് വേലൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ പ്രഖ്യാപനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പ് പഞ്ചായത്തിനുള്ള അംഗീകാര പത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബിക്ക് കൈമാറി. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് വേലൂരെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിനായി വേലൂര്‍ പഞ്ചായത്തിനെ തെരഞ്ഞെടുത്ത ജില്ലാ കലക്ടര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലൂടെ തൃശൂരിനെ സമ്പൂര്‍ണ ഭിന്നശേഷി ഗാര്‍ഡിയന്‍ഷിപ്പ് ജില്ലയാക്കി മാറ്റുകയെന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയുടെ ആദ്യപടിയായാണ് വേലൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കിയതെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വിവിധ ആനുകൂല്യം ലഭ്യമാകുന്നതിനും നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനുമാണ് ഗാര്‍ഡിയന്‍ഷിപ്പ് നല്‍കുന്നത്. സാധാരണ നിലയില്‍ 18 വയസ്സ് വരെ മാതാപിതാക്കളായിരിക്കും കുട്ടികളുടെ നിയമപരമായ രക്ഷിതാക്കള്‍. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍വരുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് 18 വയസ്സ് കഴിഞ്ഞാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിയമപരമായ രക്ഷകര്‍തൃത്വം ഉറപ്പുവരുത്തുകയാണ് സര്‍ട്ടിഫിക്കറ്റിന്റെ ലക്ഷ്യം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റികള്‍ ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹിയറിംഗുകള്‍ നടത്തിയാണ് പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലീഗല്‍ ഗാഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ വേലൂര്‍ ഗ്രാമപ്രഞ്ചായത്തിനെ സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പഞ്ചായത്താക്കി മാറ്റുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘സ്വാശ്രയ’ സ്ഥാപനത്തിന്റെ ഭാരവാഹികളായ ശാന്ത മേനോനെയും സതി പ്രേമചന്ദ്രനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

Share
അഭിപ്രായം എഴുതാം