വഴിക്കടവിലും സമീപ പഞ്ചായത്തായ എടക്കരയിലും കോളറ പടരുന്നതായി റിപ്പോർട്ടുകൾ

മലപ്പുറം: വഴിക്കടവ് പഞ്ചായത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി കോളറാ രോഗം സ്ഥിരികരിച്ചതോടെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. രോഗ ലക്ഷണങ്ങളുള്ള 35 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങളുള്ളവരെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സമീപ പഞ്ചായത്തായ എടക്കരയിലും ഒരാൾക്ക് കോളറ രോഗം സംശയിക്കുന്നുണ്ട്. സമാനരോഗ ലക്ഷണം കാണിച്ച രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേ സമയം കോളറ കൂടുതൽ വ്യാപിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

അഡീഷണൽ പബ്ലിക് ഹെൽത് ഡയറക്ടർ ഡോ. സക്കീനയുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ സംഘം വഴിക്കടവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടുത്ത ഒരാഴ്ച നിർണായകമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ഡോ സക്കീന മുന്നറിയിപ്പ് നൽകി. കാരക്കോടൻ പുഴയിലെ വെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയിക്കുന്നത്. കാരക്കോടൻ പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന വാർഡുകളിലാണ് കോളറ ലക്ഷണം പടരുന്നത്.

പുഴയിലെ വെള്ളം പരിശോധനക്കായി എടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ മാലിന്യം കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തത വരുത്താനാവൂയെന്ന് ഡോ സക്കീന പ്രതികരിച്ചത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം നിലനിൽക്കുന്നതിനാൽ ഉടൻ പരിഹാരം കാണണം. കാരക്കോടൻ പുഴയിലേക്ക് മലിന ജലം ഒഴുകുന്നത് തടയാൻ സ്ഥിരം സംവിധാനം ഒരുക്കണം. കൂടുതൽ മാലിന്യം ഒഴുകുന്ന ഭാഗം അടിയന്തരമായി തടയണമെന്നും സംഘം നിർദ്ദേശിച്ചു. ജലനിധി കിണർ ശുദ്ധീകരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിയമ പ്രകാരമുള്ള ക്ലോറിനേഷൻ നടത്തുകയും എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യുന്നതിന് മുമ്പ് ക്ലോറിന്റെ അളവ് പരിശോധിക്കുകയും വേണം. അതിനായി ഒരു മോണിറ്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. ശുദ്ധമായ വെള്ളം ലഭ്യമാക്കി പ്രദേശ വാസികളുടെയും വ്യാപാരികളുടെയും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും ഡോ സക്കീന വ്യക്തമാക്കി.

പുഴയോട് ചേർന്നുള്ള വഴിക്കടവ് ടൗണിലെ ജലനിധിയുടെ കിണറിൽ നിന്നുള്ള പമ്പിംഗ് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. ജലനിധി ഉപയോഗിച്ചിരുന്ന ജല ദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് വാട്ടർ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ടാങ്കർ വഴി കുടിവെള്ളം എത്തിക്കും. രോഗം സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ ചെയ്തു. മൂന്ന് ദിവസത്തെ ഇടവേളകളിൽ കിണറുകളിലെ ക്ലോറിനേഷൻ തുടരും. ഇതിനായി 20 അംഗ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഴിക്കടവ് ടൗണിലെയും പരിസരങ്ങളിലെയും മുഴുവൻ ഭക്ഷ്യ കടകളിലും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.

കാരക്കോടൻ പുഴയിൽ കുളിക്കുന്നതും വസ്ത്രങ്ങൾ അലക്കുന്നതും പുഴയിൽ നിന്നും കൃഷിയിടത്തിലേക്കുള്ള ജലസേചനവും ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് വിശദമാക്കുന്നത്. പുഴയുടെ സമീപ കടകളിൽ നിന്നുള്ള പാനിയങ്ങൾ, ഐസ് ക്രീം, ഭക്ഷണം എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമെ ഉപയോഗിക്കാവൂ തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനകാർ, ആശ പ്രവർത്തകർ, റവന്യൂ, പൊലീസ്, ഭക്ഷ്യസുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത സംഘമാണ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. രോഗത്തിനെതിരെയുള്ള ജാഗ്രത പാലിക്കാൻ പഞ്ചായത്തിൽ മൈക്ക് പ്രചരണം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →