കോട്ടയം : തമിഴ്നാട്ടിലെ തേനിക്കു സമീപം കോറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരമായി ആശുപത്രിയിൽ
ചികിത്സയിലാണ്. കോട്ടയം തിരുവാതുക്കൽ സ്വവദേശികളായ അക്ഷയ് അജേഷ്,ഗോകുൽ എന്നിവരാണ് മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അഞ്ചണ്ണിവിളക്ക് എന്ന സ്ഥലത്ത് 2023 മാർച്ച് 7 ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം.
കോട്ടയത്തുനിന്നും സേലത്തക്കുപോവുകയായിരുന്ന കാറിൽ കോയമ്പത്തൂരിൽ നിന്നും വന്ന കർണാടക രജിസ്ടസ്ട്രേഷനുളള ലോറി കൂട്ടിയിടിച്ചാണ് അപകടം അക്ഷയും ഗോകുലും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കോട്ടയം വടവാതൂർ സ്വദേശി അനന്ദുവിനെ ആദ്യം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കളുടെ ആവശ്യ പ്രകാരം കോട്ടയത്തേക്ക് മാറ്റി.
അനന്ദുവിന്റെ സഹോദരി സേലത്ത് നഴ്സിംഗിനു പഠിക്കുകയാണ്. സുഖമില്ലാത്തതിനാൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനാണ് അനന്ദുവും സുഹൃത്തുക്കളും സേലത്തേക്ക് പോയത്. കാറിന്റെ പിൻ ചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് തേനി അല്ലി നഗരം പൊലീസ് പറഞ്ഞു. അപകടത്തിൽ കാറിന്റെ പകുതിയോളം ഭാഗം പൂർണമായും തകർന്നു, അനന്ദുവിന്റെ അച്ഛന്റെ സുഹൃത്തിന്റേതാണ് അപകടത്തിൽ പെട്ട കാർ.

