സിരാകേന്ദ്രം നെടുമ്പാശേരിയിലെ ഹോട്ടലെന്നു പരാതിക്കാരന്‍

കൊച്ചി: കേരള പോലീസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇ.ഡി) കബളിപ്പിച്ച് ചാലക്കുടി കേന്ദ്രീകരിച്ചു നടത്തിയ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടിന്റെ സിരാകേന്ദ്രം നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലാണെന്നു പരാതിക്കാരന്റെ മൊഴി. കള്ളപ്പണം കൊണ്ടുവന്ന ഒരു കാര്‍ പോലീസ് പിടികൂടിയെങ്കിലും അതില്‍ 30 ലക്ഷം രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി പണം കൊണ്ടുവന്ന കാറിന്റെ നമ്പരടക്കം പോലീസിനു കൈമാറിയിട്ടും അന്വേഷണം നടന്നില്ലെന്നാണ് മൂവാറ്റുപുഴ സ്വദേശി റെജി ജോര്‍ജിന്റെ ആരോപണം.
കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. കുഴല്‍പ്പണ ഇടപാടുമായി പിടിച്ചെടുത്തശേഷം ചാലക്കുടി പോലീസ് വിട്ടയച്ച കാര്‍ ഇപ്പോള്‍ ഒല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. വ്യാജരേഖ ചമച്ച് കാര്‍ തട്ടിയെടുത്തെന്ന മൂവാറ്റുപുഴ സ്വദേശി റെജി ജോര്‍ജിന്റെ പരാതിയിലാണ് ഒല്ലൂര്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.

പ്രതികളായ നടത്തറ സിറ്റാഡെല്‍ വീട്ടില്‍ ബെന്‍സി മാര്‍ട്ടിന്‍, ഭര്‍ത്താവ് മാര്‍ട്ടിന്‍ സെബാസ്റ്റിയന്‍ എന്നിവരുടെ എറണാകുളത്തെ ആഡംബര ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് കാര്‍ പിടിച്ചെടുക്കുകയായിരുന്നു. മാര്‍ട്ടിന്‍ സെബാസ്റ്റിയനെ ഏതാനും ദിവസംമുമ്പ് സ്ത്രീപീഡനക്കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. കുഴല്‍പ്പണ ഇടപാടുമായി കാര്‍ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ബെന്‍സിയും മകന്‍ എമില്‍ മാര്‍ട്ടിനുമാണ് വാഹനത്തിലുണ്ടായിരുന്നത്. 30 ലക്ഷത്തിന്റെ കറന്‍സിയുമായാണ് വാഹനം പിടിച്ചത്. ഈ സമയത്ത് രണ്ടു കോടിയുടെ കറന്‍സിയുമായി കെ.എ. 01 എം.എം. 1199 എന്ന വാഹനത്തില്‍ മാര്‍ട്ടിന്‍ അവരെ അനുഗമിക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് എയര്‍പോര്‍ട്ട് ജംങ്ഷനിലെ ഹോട്ടല്‍ സല്‍ക്കാരിയില്‍ ഭക്ഷണം കഴിക്കുമ്പോഴാണു ചാലക്കുടി പോലീസ് വാഹനം പിടിച്ച വിവരമറിഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ ക്വാളിറ്റി ഇന്നില്‍ മുറിയെടുത്ത മാര്‍ട്ടിന്‍, ഉന്നതരെ ഇടപെടുത്തി പിടിച്ചെടുത്ത പണം മോചിപ്പിച്ചെന്നാണ് ആരോപണം. അതിനുശേഷം കൈയിലുള്ള രണ്ടുകോടി രൂപ പലരെയും വിളിച്ചുവരുത്തി പലയിടത്തേക്കു മാറ്റിയെന്നും പറയുന്നു.
കള്ളപ്പണം കടത്തിയതറിഞ്ഞ് ആദായനികുതി വകുപ്പ് എറണാകുളത്തെ ഒരു വീട്ടിലും ഫ്ളാറ്റിലും തൃശൂരിലെ ഓഫീസിലും പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തൃശൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണു വന്‍തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. കേസില്‍ പോലീസ് ഇടപെട്ടതോടെ ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷം ഇ.ഡിയും പിന്മാറി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയാണ് ഈ കേസ് അന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →