മോസ്‌കോ: റഷ്യന്‍ കോവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് -5നു പിന്നില്‍ പ്രവര്‍ത്തിച്ച 18 ശാസ്ത്രജ്ഞരില്‍ ഒരാളായ ആന്‍ഡ്രി ബോട്ടിക്കോവ്(47) കൊല്ലപ്പെട്ടു. അദ്ദേഹത്തെ ബെല്‍റ്റ് ഉപയോഗിച്ചു കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോട്ടിക്കോവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ പ്രതി പണത്തിനായാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.
ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ സീനിയര്‍ ഗവേഷകനായി ജോലി ചെയ്തിരുന്ന നാല്‍പ്പത്തിയേഴുകാരനായ ബോട്ടിക്കോവിനെ വ്യാഴാഴ്ചയാണ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ഫെഡറേഷന്റെ അന്വേഷണ സമിതിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട സേവനത്തിന് 2021-ല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ഫാദര്‍ലാന്‍ഡ് അവാര്‍ഡ് നല്‍കി ബോട്ടിക്കോവിനെ ആദരിച്ചിരുന്നു. കൊലപാതകം തര്‍ക്കത്തെത്തുടര്‍ന്നാണെന്നും കൊലയ്ക്കുശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മൃതദേഹം കണ്ടെത്തി വൈകാതെ പ്രതിയെ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും അന്വേഷണ സമിതി വെളിപ്പെടുത്തി. 10 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങിയ വ്യക്തിയാണ് അയാള്‍.

