കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് രണ്ടുവിദ്യാർത്ഥികൾ മരിച്ചു

കൊല്ലം: ചടയമംഗലത്ത് കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അപകടത്തിന് കാരണമായത് കെ.എസ്.ആർ.ടി.സി. ബസിന്റെ അമിതവേഗമെന്ന് ആരോപണം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് അതേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പുനലൂർ സ്വദേശികളും കോളേജ് വിദ്യാർഥികളുമായ ശിഖ(20) അഭിജിത്ത്(19) എന്നിവരാണ് മരിച്ചത്. കിളിമാനൂർ വിദ്യ എൻജിനീയറിങ് കോളേജിലെ ബി.ടെക്ക് രണ്ടാംവർഷ വിദ്യാർഥിയാണ് ശിഖ. അഭിജിത്ത് പത്തനംതിട്ട മുസ്ല്യാർ കോളേജിലെ ബി.ബി.എ. വിദ്യാർഥിയാണ്.

2023 ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ്
ബൈക്കിലിടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് യാത്രികരായ ശിഖയും അഭിജിത്തും റോഡിലേക്ക് തെറിച്ചുവീഴുകയും ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. ശിഖ തൽക്ഷണം മരിച്ചു. പരിക്കേറ്റ അഭിജിത്ത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

അതിനിടെ, പരിക്കേറ്റ അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാൻ ഇരുപതുമിനിറ്റോളം വൈകിയെന്ന് രക്ഷാപ്രവർത്തനെത്തിയ പ്രദേശവാസി ഉദയകുമാർ പറഞ്ഞു. ”ഞാൻ 15 മീറ്റർ അപ്പുറത്തുള്ള സുഹൃത്തിന്റെ കടയിൽ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവർത്തി കിടത്തിയത്. കിടത്തിയപ്പോൾ പയ്യന് ജീവനുണ്ട്. അങ്ങനെ ഇവിടെയുള്ള വണ്ടികൾ മൊത്തം കൈകാണിച്ചു. അവരാരും നിർത്തിയില്ല. ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. ആ ഇരുപത് മിനിറ്റ് മുൻപേ കൊണ്ടുപോയിരുന്നെങ്കിൽ പയ്യനെ രക്ഷിക്കാമായിരുന്നു. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാൻപോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്”- അദ്ദേഹം പറഞ്ഞു.

ഉദയകുമാറും സുഹൃത്തായ സജിയുമാണ് അഭിജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. അപകടമുണ്ടായ സ്ഥലത്ത് പോലീസും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

Share
അഭിപ്രായം എഴുതാം