തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഐ.പി.സി. 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്നാണു നിഗമനം. തീ കത്തിയ ശേഷം ആശ്രമത്തില്‍ കണ്ടെത്തിയ റീത്ത് വാങ്ങി പ്രകാശിന് നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രകാശും ഇനിയും പിടിയിലാകാനുള്ള ശബരിയും ചേര്‍ന്നാണ് ആശ്രമം കത്തിച്ചത്. ഇതിനായി പ്രതികള്‍ ആശ്രമത്തിലെത്തിയ ബൈക്ക് പൊളിച്ചുവിറ്റതിന്റെ തെളിവ് ലഭിച്ചു. സന്ദീപാനന്ദഗിരിയോടുള്ള വൈരാഗ്യമാണ് പ്രകോപനകാരണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകനും ചേര്‍ന്നാണെന്ന് കൃഷ്ണകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആശ്രമം കത്തിച്ച ശേഷം, ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് പ്രകാശാണ് അവിടെ വച്ചത്. പ്രകാശ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി കൂടിയാണ് കൃഷ്ണകുമാര്‍. ഈ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയാണ് കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെത്തിയത്.
അതേസമയം, കേസിലെ മുഖ്യസാക്ഷി പ്രശാന്ത് നേരത്തേ കോടതിയില്‍ മൊഴി മാറ്റിയത് ക്രൈം ബ്രാഞ്ചിനു തിരിച്ചടിയായിരുന്നു. തന്റെ സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നു പ്രശാന്ത് മൊഴി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയെന്നുമായിരുന്നു ആദ്യ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തു. എന്നാല്‍, തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതെന്നാണു പ്രശാന്ത് മജിസ്‌ട്രേട്ടിനു മുന്‍പാകെ മൊഴി നല്‍കിയത്. തീപിടിത്തത്തെക്കുറിച്ച് അറിയില്ലെന്നും പ്രശാന്ത് പറഞ്ഞിരുന്നു. കുണ്ടമണ്‍കടവ് സ്വദേശിയും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.
2018 ഒകേ്ടാബര്‍ 27 ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം അഗ്നിക്കിരയായത്. രണ്ട് കാര്‍ ഉള്‍പ്പെടെ മൂന്നു വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.
അതേസമയം, ആശ്രമം കത്തിച്ചത് ആര്‍.എസ്.എസ്. ആണെന്നു തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. താന്‍ തന്നെയാണ് ആശ്രമം കത്തിച്ചതെന്ന സംഘപരിവാര്‍ പ്രചാരണം പൊളിഞ്ഞു. റീത്ത് വച്ചവര്‍ക്ക് റീത്ത് വയ്‌ക്കേണ്ട കാലം ഉണ്ടാകുമെന്ന് ഓര്‍മിക്കണമെന്നും അദേഹം പ്രതികരിച്ചു.