ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്‌നവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനു ലഭിക്കാന്‍ 2,000 കോടി രൂപയുടെ ഇടപാട് നടന്നെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം തള്ളി ഷിന്‍ഡെ വിഭാഗം. ”സഞ്ജയ് റാവുത്ത് കാഷ്യര്‍ ആണോ” എന്ന് ഷിന്‍ഡെ വിഭാഗം എം.എല്‍.എ. സദാ സര്‍വാങ്കര്‍ ചോദിച്ചു.
2,000 കോടിയുടെ ഇടപാട് നടന്നതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നു സഞ്ജയ് റാവുത്ത് ആരോപിച്ചു. കഴിഞ്ഞ വര്‍ഷം കൂറുമാറിയ 40 എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വീതം ലഭിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ വൈകാതെ തന്നെ വെളിപ്പെടും. ഭരണനേതൃത്വവുമായിഇടഞ്ഞുനില്‍ക്കുന്ന ഒരു ബില്‍ഡറാണ് ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച തെളിവുകള്‍ ഉടന്‍ പുറത്തുവിടും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമായാണു പ്രവര്‍ത്തിക്കേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ”തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഒരു ഡീലാണ്. ശിവസേന പാര്‍ട്ടിയുടെ പേരും അമ്പും വില്ലും ചിഹ്‌നവും നേടിയെടുക്കാന്‍ 2000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത് ആദ്യഘടുവാണെന്നാണ് വിവരം. 100 ശതമാനം സത്യമായ കാര്യമാണ്. ബാക്കി കാര്യങ്ങള്‍ വൈകാതെ തന്നെ വെളിപ്പെടും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നു വരെ ഇതുപോലെയൊന്ന് നടന്നിട്ടില്ല” -രാജ്യസഭ എം.പി. കൂടിയായ സഞ്ജയ് റാവുത്ത് വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശിവസേനയുടെ അമ്പു വില്ലും ചിഹ്‌നം ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തു. താക്കറെ വിഭാഗത്തിന് ‘കത്തുന്ന പന്തം’ ചിഹ്‌നം താല്‍ക്കാലികമായി ഉപയോഗിക്കാനും അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനു പിന്നാലെ യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് ഷിന്‍ഡെ വിഭാഗവും ഉദ്ധവ് താക്കറെ വിഭാഗവും അവകാശപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണു താക്കറെ പക്ഷത്തിന്റെ തീരുമാനം.
അതേസമയം, ശിവസേനയിലെ ചിഹ്‌ന വിവാദത്തില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ നിലപാട് വ്യക്തമാക്കി. അമ്പും വില്ലും ചിഹ്‌നം നഷ്ടപ്പെട്ടത് ഉദ്ധവ് വിഭാഗത്തെ ബാധിക്കില്ലെന്നും യഥാര്‍ഥ ശിവസേന ഏതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ഈ അഭിപ്രായം തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനം പുറത്തുവന്നതിനു പിന്നാലെ താന്‍ പങ്കുവച്ചതാണ്. ഇനി ഈ വിഷയത്തില്‍ ഇടപെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, സഞ്ജയ് റാവുത്ത് മഹാരാഷ്ട്രയിലെ രാഹുല്‍ ഗാന്ധിയാണെന്ന് ബി.ജെ.പി. പരിഹസിച്ചു. ശക്തമായിരുന്ന ശിവ സേനയെ കോണ്‍ഗ്രസ് മാതൃകയിലുള്ള സംവിധാനമാക്കി മാറ്റിയത് റാവുത്ത് ആണെന്ന് ബി.ജെ.പി. വക്താവ് ഷെസാദ് പൂനെവാല പറഞ്ഞു.
തീരുമാനം തങ്ങള്‍ക്കെതിരാകുമ്പോള്‍ തെരഞ്ഞെടുപ്പു കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരമാണ് റാവുത്തിനും കൂട്ടര്‍ക്കുമെന്നും പൂനെവാല അഭിപ്രായപ്പെട്ടു.

