ചര്‍ച്ചില്‍ കടന്ന് ഗോകുലം

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം കേരള മൂന്നാം സ്ഥാനത്ത്. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു ഗോകുലത്തിന്റെ ജയം. 18 കളികളില്‍നിന്നു 30 പോയിന്റ് നേടിയ ഗോകുലം മൂന്നാം സ്ഥാനത്താണ്. അത്രയും കളികളില്‍നിന്നു 40 പോയിന്റ് നേടിയ ശ്രീനിധി ഡെക്കാന്‍ ഒന്നാമതും 17 കളികളില്‍നിന്നു 37 പോയിന്റ് നേടിയ പഞ്ചാബ് എഫ്.സി. രണ്ടാമതുമാണ്. തോല്‍വി നേരിട്ട ചര്‍ച്ചില്‍ 18 കളികളിലായി 26 പോയിന്റുമായി അഞ്ചാമതുണ്ട്. ഒരു മത്സരം കുറച്ചു കളിച്ച ട്രാവുവിനെ മറികടന്നാണു ഗോകുലം മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ട്രാവു 17 കളികളില്‍നിന്ന് 29 പോയിന്റ് നേടി. കിരീട പോരാട്ടത്തിനു മങ്ങലേറ്റെങ്കിലും തുടര്‍ച്ചയായ ജയങ്ങള്‍ നേടാന്‍ കഴിഞ്ഞതു ഗോകുലത്തിന് ആശ്വാസമായി.
ചര്‍ച്ചിലിനെതിരേ 21-ാം മിനിറ്റില്‍ ഫര്‍ഷാദ് നൂര്‍ ഗോളടിച്ചു. ചര്‍ച്ചില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെയും ഗോകുലം ഗോള്‍ കീപ്പര്‍ ഷിബിന്‍ രാജിന്റെയും സേവുകള്‍ മത്സരം ആവേശകരമാക്കി. നൗഫല്‍ ബോക്‌സിലേക്ക് നല്‍കിയ ത്രൂ ബോളിനോപ്പം ഓടി കയറിയ ഫര്‍ഷാദ് നൂര്‍ തടയാന്‍ എത്തിയ ഡിഫന്‍ഡറേയും ഗോള്‍ കീപ്പറേയും മറികടന്നു പന്ത് വലയിലെത്തിച്ചു. പിന്നീട് ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. രണ്ടാം പകുതിയില്‍ ചര്‍ച്ചിലിന് കൃത്യമായ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും ഗോള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞില്ല. അവസാന മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്നും ചര്‍ച്ചിലിന് ലഭിച്ച സുവര്‍ണാവസരത്തിലും ഷിബിന്‍ രാജ് തന്നെ രക്ഷകനായി. സ്വന്തം തട്ടകമായ ഡെക്കാന്‍ അരീനയില്‍ നടന്ന മത്സരത്തില്‍ സുദേവ ഡല്‍ഹിയെ 3-1 നു തോല്‍പ്പിച്ചാണു ശ്രീനിധി ഒന്നാം സ്ഥാനത്തു തിരിച്ചെത്തിയത്. 28-ാം മിനിറ്റില്‍ ലാല്‍ബിയാടീന സുദേവയ്ക്കു വേണ്ടി ഗോളടിച്ചു. 71-ാം മിനിറ്റില്‍ കസ്റ്റാനെഡ സമനില ഗോളടിച്ചു. 81, 89 മിനിറ്റുകളില്‍ ഓഗാന ലൂയിസ് ഇരട്ട ഗോളുകളടിച്ച് ശ്രീനിധിയെ മുന്നിലെത്തിച്ചു. ഗോള്‍ കീപ്പര്‍ ഉബൈദിന്റെ സേവുകളാണ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ ശ്രീനിധിയെ കാത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →