രക്ഷകനായി മെസി

പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ ഇഞ്ചുറി ടൈം ഗോളുമായി ലയണല്‍ മെസി പാരീസ് സെയിന്റ് ജെര്‍മെയ്‌നിനെ രക്ഷിച്ചു. ലിലെയ്‌ക്കെതിരേ നടന്ന മത്സരത്തിലാണു മെസി പി.എസ്.ജിയുടെ രക്ഷയ്‌ക്കെത്തിയത്. സ്വന്തം തട്ടകമായ പാര്‍ക് ഡി പ്രിന്‍സസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി. 4-3 നു ജയിച്ചു. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണു ഗാള്‍ട്ടിയറുടെ ശിഷ്യന്‍മാര്‍ ജയിക്കുന്നത്. പരുക്കില്‍നിന്നു മുക്തരായ സൂപ്പര്‍ താരങ്ങളായ നെയ്മറും മെസിയും കിലിയന്‍ എംബാപ്പെയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ചു. 11-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ പി.എസ്.ജി. ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ എംബാപ്പെ പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് പന്ത് വലയിലാക്കി.

മിനിറ്റുകള്‍ക്കകം നെയ്മര്‍ രണ്ടാം ഗോളുമടിച്ചു. 24-ാം മിനിറ്റില്‍ ലില്ലെ തിരിച്ചടിച്ചു. ബഫോഡെ ഡയാകിറ്റെ മികച്ചൊരു ഹെഡറിലൂടെയാണ് ഗോള്‍ മടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തു പോയി. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്നാണു സൂചന. 58-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാതന്‍ ഡേവിഡ് സമനില ഗോളടിച്ചു. 69-ാം മിനിറ്റില്‍ പി.എസ്.ജിയെ ഞെട്ടിച്ചു ജൊനാതന്‍ ബാംബ ലീഡ് നേടി. 87-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍നിന്ന് യുവാന്‍ ബെര്‍നാറ്റ് നല്‍കിയ ക്രോസിനെ എംബാപ്പെ ഗോളാക്കി. മത്സരം 3-3 ന് അവസാനിക്കാനിരിക്കേ മെസിയുടെ ഗോളെത്തി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ മെസിക്ക് പിഴച്ചില്ല. പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ കടന്ന പന്ത് പോസ്റ്റില്‍ തട്ടി വലയിലെത്തി. പി.എസ്.ജി. കിരീടപ്പോരാട്ടത്തില്‍ ഏഴ് പോയിന്റ് മുന്നിലാണ്. 24 കളികളില്‍നിന്ന് 57 പോയന്റാണു നേട്ടം. 50 പോയിന്റ് നേടിയ മൊണാക്കോയാണു രണ്ടാമത്.

Share
അഭിപ്രായം എഴുതാം