പാലക്കാട്: തൃത്താലയിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിൽ സർക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമർശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. 2023 ഫെബ്രുവരി 18 ന് പുലർച്ചെ ആറ് മണിക്ക് മുമ്പാണ് നിരവധി പോലീസുകാർ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുത്തിയത്.’- ബൽറാം ചൂണ്ടിക്കാട്ടി. മുൻകാല കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലൻ കരുതൽ തടങ്കലിനെതിരെയെടുത്ത നിലപാട് ഓർമ്മിപ്പിച്ചായിരുന്നു ബൽറാമിന്റെ വിമർശനം.
‘പ്രിവന്റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു എ.കെ. ഗോപാലന്റെ വാദം. ആ എ.കെ. ഗോപാലന്റെ പിന്തുടർച്ച അവകാശപ്പെടുന്ന സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി തൃത്താലയിൽ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃത്താലയിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ചൂണ്ടിക്കാട്ടി, കേരളത്തിലെ ‘നമ്പർ വൺ ഭീരു’വിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചുവെന്ന് ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എ.കെ.ജിയുടെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സി.പി.എമ്മുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

