ശമ്പളത്തില്‍ ‘അടി’തുടരുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ പ്രതിഷേധം കനക്കുമ്പോഴും ശമ്പളം ഗഡുക്കളായേ നല്‍കൂവെന്ന നിലപാടില്‍ ഉറച്ച് മന്ത്രിയും മാനേജുമെന്റും. നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സി.എം.ഡിയുടെ കോലം കത്തിച്ച് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്കുമുമ്പ് നല്‍കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാമെന്നാണ് മന്ത്രി ആന്റണി രാജു ആവര്‍ത്തിക്കുന്നത്. ആവശ്യമുള്ളവര്‍ക്കു പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ചുനല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മന്ത്രി അറിയിച്ചു. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു തല്‍ക്കാലത്തേക്കുള്ള അഡ്ജസ്റ്റ്‌മെന്റാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിനുശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റിനുണ്ട്. ടാര്‍ഗറ്റ് അനുസരിച്ചു ശമ്പളം നല്‍കാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അതും മാനേജ്‌മെന്റിന്റെ തീരുമാനമാണ്. ഇങ്ങനെ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം സി.എം.ഡി ബിജു പ്രഭാകറിന്റെ കോലം കത്തിച്ചു ഭരണപക്ഷാനുകൂല സംഘടനാപ്രവര്‍ത്തകരുടെ അടക്കം പ്രതിഷേധവും കനക്കുകയാണ്. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നടപടി റദ്ദാക്കണമെന്നും മന്ത്രിയും സി.എം.ഡിയും നിലപാട് തിരുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം