കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നു സുപ്രീം കോടതി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരേ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ വാദം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ്. സാക്ഷിവിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച എല്ലാ സാക്ഷികളുടെയും വിസ്താരം തുടരാമെന്നും വ്യക്തമാക്കിയ കോടതി, വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത മാസം 24 നു വീണ്ടും പരിഗണിക്കും.
മഞ്ജു വാര്യര്‍ തന്റെ മുന്‍ ഭാര്യയാണെന്നും തന്നോടു െവെരാഗ്യമുണ്ടെന്നും അതിനാല്‍ അവരെ വീണ്ടും വിസ്തരിക്കരുതെന്നും സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതു വിചാരണ നടപടികള്‍ നീണ്ടുപോകാന്‍ കാരണമാകുമെന്നും ആയിരുന്നു ദിലീപിന്റെ വാദം. എന്നാല്‍, കേസ് നടപടി കുറ്റമറ്റതാകാനാണ് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീണ്ടും വിസ്തരിക്കുന്നത് 46 സാക്ഷികളെയാണെന്നു ദിലീപ് പറഞ്ഞെങ്കിലും നാലു സാക്ഷികളെമാത്രമായിരിക്കും വീണ്ടും വിസ്തരിക്കുകയെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. അതോടെയാണ് ഇവരെ വിസ്തരിക്കാന്‍ അനുമതി നല്‍കിയത്.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരീ ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ചറിയാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടത്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിനു പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മഞ്ജു വാര്യര്‍ ഉള്‍പ്പടെ നാലു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണു സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ളവയും നശിപ്പിച്ചതു തെളിയിക്കാനാണ് മഞ്ജു വാര്യരെയും മറ്റു മൂന്നു സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

