റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത് രൂപരേഖയും ശിവശങ്കറിന്റേത്: സ്വപ്നയുമായുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്

തിരുവനന്തപുരം: എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സർക്കാരിന് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർതന്നെ നൽകി.

കോൺസുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിർദേശം നൽകി. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്.

ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നതിനടക്കം ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. റെഡ് ക്രസന്റിനെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാക്കാൻ ഗൂഢാലോചന നടന്നെന്നാണ് സംശയിക്കുന്നത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് 16/02/23 വ്യാഴാഴ്ച ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞിട്ടാണ് താൻ തന്റെയും സ്വപ്നയുടെയും പേരിൽ ലോക്കർ തുറന്നതെന്ന് വേണുഗോപാൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ലോക്കർ തുറന്നപ്പോൾ 30 ലക്ഷം രൂപയാണ് ഇതിൽ വെച്ചത്. ഇക്കാര്യം താൻ ശിവശങ്കറിനെ അറിയിച്ചിരുന്നു. പിന്നീട് ലോക്കർ തുറന്നത് സ്വപ്ന ഒറ്റയ്ക്കാണ്. താൻ ഒപ്പമുണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ ലോക്കർ തുറന്ന കാര്യം ശിവശങ്കറിനെ താൻ അറിയിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സ്വപ്ന ലോക്കറിൽ വെച്ചതെന്ന് തനിക്ക് അറിയില്ലെന്നും വേണുഗോപാൽ ഇഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →