കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മവച്ച് വിടണമായിരുന്നോടാ…

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വിവാദമായി തുടരുന്നതിനിടെ ഷുെഹെബ് വധം ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്തിന്റെ കൊലവിളി പരാമര്‍ശം. കൊല്ലാന്‍ തീരുമാനിച്ചിട്ട് ഉമ്മ വച്ച് വിടണമായിരുന്നോ – എന്ന് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയാണ് ഫെയ്‌സ്ബുക്ക് കമന്റില്‍ പരാമര്‍ശം നടത്തിയത്. ഷുഹൈബിനെ കൊലപ്പെടുത്തില്‍ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായിട്ടാണ് ജിജോ തില്ലങ്കേരിയുടെ പ്രതികരണം.

പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങള്‍ ചെയ്‌തെന്നു സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് കമന്റിലൂടെകഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരി സി.പി.എം – ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ രംഗത്തു വന്നത്.
അതേസമയം, ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ആകാശിനെ ചോദ്യംചെയ്യുമെന്നാണ് പോലീസ് അറിയിച്ചതെങ്കിലും ഇതുവരെയും ചോദ്യംചെയ്യലിനായുള്ള നോട്ടീസ് പോലും നല്‍കിയിട്ടില്ല.

മട്ടന്നൂര്‍ എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് പലതും ചെയ്യിച്ചത്. പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. ആഹ്വാനംചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലികിട്ടി. നടപ്പാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടിവന്നത് എന്നായിരുന്നു കഴിഞ്ഞ ദിവസം ആകാശിന്റെ കമന്റുകള്‍. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, എസ്.എഫ്.ഐ. മുന്‍ നേതാവ് പ്രഷീദ് പി.കെ എടയന്നൂര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍ക്കാണ് ആകാശ് മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുെഹെബ് കൊല്ലപ്പെടുന്നത് എടയന്നൂരില്‍വച്ചാണ്. ഷുഹൈബ് വധമെന്ന് എടുത്തുപറയാതെയാണ് എടയന്നൂരിലെ നേതാക്കളാണ് അതുചെയ്യിച്ചതെന്ന ആകാശിന്റെ ആരോപണം.

പാര്‍ട്ടി തള്ളിയതോടെയാണ് ഞങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല.
സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടിവരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. നേരിട്ടു പറയാന്‍ ഒരു മടിയുമില്ല സഖാവേ… ഭയം ഇല്ലെന്ന് പറയേണ്ടതില്ലല്ലോ-തുടങ്ങി വെല്ലുവിളി സ്വഭാവത്തിലുള്ള കമന്റുകളും ആകാശ് പോസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →