ലഡാക്കിലേക്ക് 4.1 കിലോമീറ്റര്‍ തുരങ്കപാത; ഐ.ടി.ബി.പിക്ക് 7 പുതിയ ബറ്റാലിയന്‍

ന്യൂഡല്‍ഹി: ലഡാക്കിലേക്ക് ഏതു കാലാവസ്ഥയിലും സുഗമമായ യാത്ര ഉറപ്പാക്കുന്ന 4.1 കിലോമീറ്റര്‍ തുരങ്കപാതയുടെ നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കി. മണാലി-ദര്‍ച്ചന്‍-പദാം-നിമു റൂട്ടില്‍ ഷിങ്കൂണ്‍ ലായ്ക്ക് അടിയിലായാണു പാത വരുന്നത്. പാകിസ്താന്റെയും ചൈനയുടെയും അതിര്‍ത്തിമേഖലകളിലേക്ക് സൈനികരെയും ഉപകരണങ്ങളും എത്തിക്കാന്‍ കഴിയുന്ന പാത പ്രതിരോധരംഗത്തും നിര്‍ണായകമാകും.


മണാലി-ദര്‍ച്ച-പദാം-നിമു റൂട്ടില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗെനൈസേഷന്‍ 2019 ല്‍ റോഡ് നിര്‍മിച്ചിരുന്നു. 2020 മേയില്‍ ചൈനീസ് സൈന്യം യഥാര്‍ഥ നയന്ത്രണ രേഖ ലംഘിച്ചപ്പോള്‍ കിഴക്കന്‍ ലഡാക്കിലേക്ക് ആയുധങ്ങളടക്കമുള്ള സപ്ലൈ എത്തിക്കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് -ദര്‍ച്ച-പദാം-നിമു റോഡാണ്. എന്നാല്‍, സമുദ്രനിരപ്പില്‍നിന്ന് 16,703 അടി ഉയരത്തിലുള്ള ഷിങ്കുണ്‍ ലായിലെ കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലത്ത് റോഡ് ഉപയോഗിക്കാന്‍ കഴിയില്ല. വര്‍ഷത്തില്‍ അഞ്ചു മാസത്തോളം ഇതാണ് അവസ്ഥ. തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ ഈ ന്യൂനത മറികടക്കാനാവും. 1681.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2025 ഓടെ പൂര്‍ത്തിയാകും. ലഡാക്കിലെ കാര്‍ഗില്‍, ലേ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് വേഗത്തിലെത്താന്‍ കഴിയുന്ന പ്രദേശമാണ് നിമു. അതിനിടെ, ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി) ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഐ.ടി.ബി.പിക്ക് പുതിയ ഏഴു ബറ്റാലിയനുകളും മേഖലാ ആസ്ഥാനവും (എസ്.എച്ച്.ക്യു) അനുവദിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗം തീരുമാനിച്ചു.

പുതിയ ബറ്റാലിയനുകള്‍ നിലവില്‍ വരുന്നതോടെ 47 പുതിയ ബോഡര്‍ ഔട്ട് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാന്‍ കഴിയും. അധിക ബറ്റാലിയനുകളിലും എസ്.എച്ച്.ക്യുവിലുമായി 9,400 പേരെ നിയമിക്കേണ്ടി വരും. 2025-26 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് വിവരം. 1962 ല്‍ ചൈനയുമായുണ്ടായ യുദ്ധത്തിനു പിന്നാലെയാണ് ഐ.ടി.ബി.പി. രൂപീകരിച്ചത്. ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ അതിര്‍ത്തിയുടെ സുരക്ഷ ഐ.ടി.ബി.പിയുടെ ചുമതലയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →