കൊച്ചി: ലൈഫ്മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ 11 മണിയോടെയാണു ശിവശങ്കര്‍ ഇ.ഡി. ഓഫീസില്‍ ഹാജരായത്. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നു പിടികൂടിയ പണം ലൈഫ് മിഷന്‍ കോഴ കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇ.ഡി. ചോദ്യം ചെയ്യല്‍. കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വടക്കഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ 4.48 കോടി കോഴ നല്‍കിയെന്നാണു സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.
കരാര്‍ ലഭിക്കാന്‍ ഇടനിലനിന്ന സ്വപ്‌ന സുരേഷിനു ഒരു കോടി ലഭിച്ചെന്നും സ്വപ്‌നയുടെ ലോക്കറില്‍ നിന്നു കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇ.ഡി. കണ്ടെത്തല്‍. ലൈഫ് മിഷന്‍ ഇടപാടിലാണോ അതോ സ്വര്‍ണക്കടത്ത് കേസിലുള്ള പണമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൈഫ് മിഷനില്‍ കമ്മിഷനായി വന്ന തുകയാണിതെന്നാണു സ്വപ്‌ന മൊഴി നല്‍കിയത്. കഴിഞ്ഞാഴ്ചയാണു ശിവശങ്കര്‍ കായിക, യുവജന, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം തന്നെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിരമിക്കുന്ന ദിവസമാണെന്നു ചൂണ്ടിക്കാട്ടി ശിവശങ്കര്‍ അന്നേദിവസം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും ഇ.ഡിയെ അറിയിക്കുകയായിരുന്നു.
കേസില്‍ സ്വപ്‌നയുടെ ലോക്കര്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ സി.ബി.ഐയും കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചമട്ടാണ്.

