കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളംകരയില്‍ വടക്കേ താന്നിക്കകത്ത് പുരുഷോത്തമനെ (83) യാണ് എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 80,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
2019-2020 കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലത്തിലെ പൂജാരിയായിരുന്ന പ്രതി മൂന്നര വയസുകാരിയായ കുട്ടിയെ കല്‍ക്കണ്ടവും മുന്തിരിയും നല്കി വശീകരിച്ചാണ് പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയില്‍ ഉദയംപേരൂര്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കൊച്ചുമകളുടെ പ്രായം മാത്രമുള്ള കുട്ടിയോടു ചെയ്ത പ്രവൃത്തി അതിഹീനമായതിനാല്‍ പ്രതിയാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം. ജിജിമോനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

