മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ സ്ഫടികം പുത്തന്‍ സാങ്കേതിക മികവില്‍ എത്തിയിരിക്കുകയാണ്. നീണ്ട 28 വര്‍ഷങ്ങള്‍ക്കിപ്പുറം ആടുതോമയും ചാക്കോമാഷും തുളസിയുമെല്ലാം തിയറ്ററില്‍ എത്തിയ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍ ഇപ്പോള്‍. നേട്ടം കൊയ്ത് പ്രദര്‍ശനം തുടരുമ്ബോള്‍ അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.
സംവിധായകന്‍ ഭദ്രനോടൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഒപ്പം സ്ഫടികം ഷൂട്ട് ചെയ്ത വിശേഷങ്ങളും ഇരുവരും പങ്കുവച്ചു. “28 വര്‍ഷം മുന്‍പ് നമ്മള്‍ എല്ലാവരും ചേര്‍ന്ന് വളരെ സക്സസ്ഫുള്‍ ആയൊരു സിനിമ ഉണ്ടാക്കി. 28 വര്‍ഷത്തിന് ഇപ്പുറം പുത്തന്‍ സാങ്കേതികതയില്‍ അതിന്റെ തനിമയോടെ വീണ്ടും റിലീസ് ചെയ്യുകയും ചെയ്തു. സിനിമയെ ജനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി”, എന്ന് പറഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് തുടങ്ങിയത്. സ്ഫടികം റി റിലീസ് ചെയ്യണമെന്ന തോന്നല്‍ എങ്ങനെ ഉണ്ടായി എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ‘അതിന് കാരണം നിങ്ങള്‍ തന്നെ. നിങ്ങളുടെ ജന്മദിനങ്ങളാണ്.
പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലെ നിരവധി ആളുകള്‍ 30-40 മോട്ടോര്‍ സൈക്കിളുകളില്‍ വീട്ടിലേക്ക് വരും. ഗുണ്ടകളെ പോലെയാണ് വരിക. ശേഷം വൈറ്റ് സ്ക്രീനില്‍ സ്ഫടികം കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കും. ഒരു കല്യാണ ചടങ്ങില്‍ വെച്ച് തങ്ങളുടെ കയ്യില്‍ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് ഫിലിം ഇരിപ്പുണ്ടെന്നും ഒരു തെങ്ങില്‍ തുണി വലിച്ചുകെട്ടി പ്രൊജക്ടറെല്ലാം സംഘടിപ്പിച്ച് കണ്ടോളാമെന്നും പറഞ്ഞു. ആ എനര്‍ജിയിലാണ് ഈ തോന്നലുണ്ടായത്’, എന്നാണ് ഭദ്രന്‍ മറുപടി പറഞ്ഞത്.
ചിത്രത്തിലെ ഒരു സംഘട്ടനത്തിന് ശേഷം ഓടുന്ന റിക്ഷയ്ക്ക് മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്ന സീനുണ്ട്. അങ്ങനെ ചെയ്യാന്‍ സാധിക്കുമോയെന്ന് ചിരിച്ചുകൊണ്ട് ലാല്‍ ചോദിച്ചു, അന്ന് ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ്, ലാലിന് പറ്റില്ലായിരിക്കും, പക്ഷേ തോമയ്ക്ക് പറ്റും. ഇന്ന് ആ സീനിന് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്’, എന്ന് സംഘട്ടന രംഗങ്ങളെ കുറിച്ച് ഭദ്രന്‍ പറഞ്ഞു.
ചങ്ങനാശ്ശേരി ചന്തയിലെ സംഘട്ടന രംഗം മോഹന്‍ലാലും ഓര്‍ത്തെടുക്കുന്നുണ്ട്. ‘ആ രംഗം ഷൂട്ട് ചെയ്യുമ്ബോള്‍ ചെരിപ്പിടാന്‍ പാടില്ലെന്ന് ഭദ്രന്‍ സര്‍ പറഞ്ഞു. നിറയെ ആണിയുള്ളത് കൊണ്ട് ഇട്ടോട്ടെയെന്ന് ചോദിച്ചിട്ടും പറ്റില്ലെന്നാണ് പറഞ്ഞത്, പിന്നീട് എന്തോ മനസ്സലിവ് തോന്നി സമ്മതിക്കുകയായിരുന്നു’, എന്ന് മോഹന്‍ലാല്‍ പറഞ്ഞു.
സ്ഫടികം സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞും മണ്‍മറഞ്ഞ് പോയ അഭിനേതാക്കളെ അനുസ്മരിച്ചുമാണ് ഭദ്രന്‍ ലൈവ് അവസാനിപ്പിച്ചത്. ഇങ്ങനെ ഒരു സിനിമ ഇനി നിര്‍മ്മിക്കാന്‍ പറ്റുമോന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് പറ്റില്ലെന്നായിരുന്നു ഭദ്രന്റെ മറുപടി. കാരണം ഇപ്പോഴുള്ള മോഹന്‍ലാലിനെ ആ കാലഘട്ടത്തിലോട്ട് പ്രതിഷ്ഠിക്കാന്‍ പറ്റില്ലെന്നും ഭദ്രന്‍ പറയുന്നു.
ഫെബ്രുവരി 9നാണ് സ്ഫടികം 4കെ മികവില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങള്‍ക്ക് ഒപ്പം ബോക്സ് ഓഫീസ് കളക്ഷനിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ആദ്യദിനം ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ്. അതേസമയം, മോഹന്‍ലാലുമായി താന്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രന്‍ പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹന്‍ലാലിനെ സിനിമയില്‍ കാണാനാകുമെന്നും ഭദ്രന്‍ പറഞ്ഞിരുന്നു.

