തിരുവനന്തപുരം: ലൈഫ് പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ലൈഫ് പദ്ധതി പരാജയമാണെന്നും ഭവന പദ്ധതി പഴയതുപോലെ പഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈഫ് പദ്ധതിയില്‍ 2,62,131 പേര്‍ക്ക് വീടുകള്‍ നല്‍കി. ഫ്‌ളാറ്റുകളും നല്‍കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 61,671 പേരുടെ വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ഇതോടെ മൊത്തം 3,23,894 വീടുകളാണ് പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
പി.കെ. ബഷീറിന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിലായിരുന്നു വാക്‌പോര്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ലൈഫ് പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ എം.എല്‍.എമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സമ്മര്‍ദം മൂലമാണ് 2020ല്‍ പുതിയ ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിച്ചതെന്നു മന്ത്രി പറഞ്ഞു. ഇതില്‍ 16,049 പേര്‍ കരാര്‍ വച്ചുകഴിഞ്ഞു. 50,000 വീടുകള്‍ കൂടി നല്‍കാനുള്ള ഫണ്ട് ലൈഫ് മിഷനുണ്ടെന്നും മന്ത്രി മറുപടി നല്‍കി.
അഞ്ചുവര്‍ഷം കൊണ്ട് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് പറയുന്നതില്‍ 52,000 വീടുകള്‍ പഴയതാണെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ പി.കെ. ബഷീര്‍ പറഞ്ഞു. ലൈഫ് എന്നാല്‍ ജീവിതം എന്നാണ് അര്‍ത്ഥം, പക്ഷേ ഇവിടെ അത് കാത്തിരിപ്പാകുകയാണ്.
ലൈഫിന്റെ മാനദണ്ഡങ്ങള്‍ വച്ച് ആര്‍ക്കും വീടുകള്‍ നല്‍കാനാവില്ല. എത്രയും വേഗം പദ്ധതി പഞ്ചായത്തുകള്‍ക്ക് കൈമാറണം. പി.കെ ബഷീര്‍ ആവശ്യപ്പെട്ടു. ഇപ്പോഴും പഞ്ചായത്തുകള്‍ തന്നെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക വീട് പണിക്കായി നല്‍കുന്നതും ഏറ്റവും കൂടുതല്‍ വീടുകള്‍ വച്ച് നല്‍കുന്നതും കേരളമാണ്. പദ്ധതിയില്‍ ഇവിടെ കേന്ദ്ര വിഹിതം 15% മാത്രമാണ്. ഉത്തര്‍പ്രദേശത്തില്‍ 69%. കേന്ദ്ര സര്‍ക്കാര്‍ 8 ലക്ഷം കോടി രൂപയാണ് പി.എം.എ.െവെ പദ്ധതിക്കായി മൊത്തം ചെലവാക്കിയത്. അതേസമയം സംസ്ഥാനങ്ങള്‍ 15ലക്ഷം കോടി രൂപ ചെലവാക്കി കഴിഞ്ഞു. കേരളം ഇതുവരെ 14,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവാക്കിയത്.
യു.ഡി.എഫ് കണ്‍വീനര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞതാണ് ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന്. അതിന് മോദി സര്‍ക്കാരുമായി ഗൂഢാലോചന നടത്തി. ഇവിടെയുണ്ടായിരുന്ന ഒരംഗം സി.ബി.ഐക്ക് പരാതി നല്‍കി. കേരളത്തോടുള്ള വിവേചനം ചോദ്യം ചെയ്യുകയല്ല, മോദിയും കേന്ദ്ര ഏജന്‍സികളുമായിചേര്‍ന്ന് പദ്ധതി അട്ടിമറിക്കാനാണ് ശ്രമിച്ചത്.-മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എല്ലാ പദ്ധതികളിലുമായി 4,14,554 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നു പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് രണ്ടുലക്ഷം വീടുകളാണ് പൂര്‍ത്തിയാക്കിയത്.
2020ല്‍ അപേക്ഷ വിളിച്ചതില്‍ നിന്ന് 5.60 ലക്ഷം ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുവെങ്കിലും ഇതുവരെ കരാര്‍ വച്ചത് 12,845 പേരാണ്. ഇതാണ് മൂന്നുവര്‍ഷം കൊണ്ടുള്ള പുരോഗതിയെന്നും അദ്ദേഹം പരിഹസിച്ചു.