കൊച്ചി: ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിന്റെ പ്ലേ ഓഫിന് അരികെയെത്തി. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളുകളും തിരിച്ചടിച്ചത്.
അഡ്രിയാന്‍ ലൂണയും മലയാളി താരം കെ.പി. പ്രവീണുമാണ് ഗോളുകളടിച്ചത്. രണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ച് ചെന്നൈയിന്റെ ഹോളണ്ടുകാരന്‍ മിഡ്ഫീല്‍ഡര്‍ അബ്‌ദെനാസര്‍ എല്‍ ഖായാതി ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. 38-ാം മിനിറ്റില്‍ തകര്‍പ്പന്‍ കിക്കിലൂടെ ലൂണ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. 64-ാം മിനിറ്റിലാണു പ്രവീണിന്റെ ജയം ഉറപ്പാക്കിയ ഗോളിന്റെ പിറവി. 17 കളികളില്‍നിന്നു 31 പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തുടര്‍ന്നു. അത്രയും കളികളില്‍നിന്നു 43 പോയിന്റുള്ള മുംബൈ സിറ്റി ഒന്നാമതും 16 കളികളില്‍നിന്നു 36 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. രണ്ടാമതുമാണ്. 17 കളികളില്‍നിന്നു 18 പോയിന്റ് നേടിയ ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. 11 നു ബംഗളുരുവിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ബാക്കി മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ചെന്നൈയിന്‍ 18 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്.
ദിമിത്രി ഡയമാന്റികോസിനെ മുന്നില്‍നിര്‍ത്തിയ 4-2-3-1 ഫോര്‍ഷേനിലാണു ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച് താല്‍പര്യപ്പെട്ടത്. ചെന്നൈയിന്‍ കോച്ച് തോമസ് ബ്രാഡിചും പീറ്റര്‍ സ്ലിസ്‌കോവിച്ചിനെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷന്‍ ഉപയോഗിച്ചു. കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്‍പതാം സീസണിലെ ഏഴാം ജയമാണിത്. രണ്ടാം മിനിറ്റിലെ പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ അപ്രതീക്ഷിത നീക്കം ഗോളില്‍ കലാശിച്ചു. സ്ലിസ്‌കോവിച് എത്തിച്ചു നല്‍കിയ പന്ത് ഖയാത്തി ഇടംകാലനടിയിലൂടെ വലയിലെത്തിച്ചു. ഗോള്‍ കീപ്പര്‍ പ്രഭുസുഖന്‍ ഗില്‍ കാഴ്ചക്കാരനായ നിമിഷം. ഗോള്‍ ഞെട്ടിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറിയില്ല. അവര്‍ തുടരെ ആക്രമണങ്ങള്‍ നടത്തി. കെ.പി. രാഹുലിലൂടെയും ദിമിത്രസിലൂടെയും കേരളം ഗോളിന് അടുത്തെത്തി. ജെസലിന്റെ ഒരു ലോംഗ് ഷോട്ടും നിശു കുമാറിന്റെ ഷോട്ടും വളരെ പ്രയാസപ്പെട്ടാണ് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ സമിക് മിത്ര തടഞ്ഞു. ലീഡിന്റെ ആയുസ് 37 മിനിറ്റ് വരെയായിരുന്നു. 38-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍മാരെ കാഴ്ചക്കാരാക്കി പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് മഴവില്ല് പോലെ വലയില്‍ പതിച്ചു. ലൂണയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു അത്. പിന്നാലെ രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്ത് പോയി.
മറുവശത്ത് വിന്‍സി ബാരറ്റോയുടെ ഗോളെന്നുറച്ച ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ഗില്‍ തടഞ്ഞു. രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ചുനിന്നു. 64-ാം മിനിറ്റില്‍ രാഹുല്‍ കെ.പിയുടെ ഗോളില്‍ അവര്‍ മുന്നിലെത്തി. ലൂണയുടെ പാസിനെ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെയാണു രാഹുല്‍ വലയിലാക്കിയത്. താരത്തിന്റെ ഒന്‍പതാം സീസണിലെ രണ്ടാം ഗോളാണിത്.