ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്ക് തുടക്കം

നാഗ്പുര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റ് പരമ്പര തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതലാണു മത്സരം.
പേസര്‍ പാറ്റ് കുമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ്. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമനായ മാര്‍നസ് ലാബുഷാഗെയും ബൗളര്‍മാരില്‍ ഒന്നാമനായ കുമ്മിന്‍സും തന്നെയാണ് ഓസ്‌ട്രേലിയയുടെ കരുത്ത്. രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമതാണ്.
ബാറ്റര്‍മാരില്‍ പത്താം സ്ഥാനത്തുള്ള രോഹിത് ശര്‍മയും ബൗളര്‍മാരില്‍ നാലാമനായ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനുമാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍.
നാഗ്പുരില്‍ ഒന്‍പതു മുതല്‍ 13 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ന്യൂഡല്‍ഹിയില്‍ 17 നു തുടങ്ങും. മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്നിന് ധര്‍മശാലയിലും നാലാം ടെസ്റ്റ് അഹമ്മദാബാദില്‍ ഒന്‍പതിനും തുടങ്ങും.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇതുവരെ 27 മത്സരങ്ങള്‍ നടന്നു. 12 മത്സരങ്ങള്‍ ജയിച്ച ഓസീസിനാണു മുന്‍തൂക്കം. പത്ത് മത്സരങ്ങളില്‍ ഇന്ത്യ ജയമറിഞ്ഞു. അഞ്ച് മത്സരങ്ങള്‍ സമനിലയായി. നിലവിലെ ടീമില്‍ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ റണ്ണെടുത്തത് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ്. 14 ടെസ്റ്റുകളിലായി 72.58 ശരാശരിയില്‍ എട്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 1742 റണ്ണെടുത്തു. 192 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 29 കളികളില്‍നിന്ന് 2555 റണ്ണെടുത്ത മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ ഒന്നാമത്. മുന്‍ നായകന്‍ മൈക്കിള്‍ €ാര്‍ക്ക് 22 ടെസ്റ്റുകളിലായി 2049 റണ്ണെടുത്തു. മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ 18 കളികളില്‍നിന്ന് 1888 റണ്ണെടുത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരേ മികച്ച റണ്‍വേട്ടക്കാരായ രണ്ട് ബാറ്റര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ചേതേശ്വര്‍ പൂജാര 20 ടെസ്റ്റുകളിലായി അഞ്ച് സെഞ്ചുറികളടക്കം 54.08 ശരാശരിയില്‍ 1893 റണ്ണെടുത്തു. മുന്‍ നായകന്‍ വിരാട് കോഹ്‌ലി 20 ടെസ്റ്റുകളിലായി ഏഴ് സെഞ്ചുറികളടക്കം 48.05 ശരാശരിയില്‍ 1682 റണ്ണെടുത്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണു പട്ടികയില്‍ മുമ്പന്‍. 39 ടെസ്റ്റുകളില്‍നിന്നു 11 സെഞ്ചുറികളടക്കം 55 ശരാശരിയില്‍ 3630 റണ്ണാണു സച്ചിന്‍ അടിച്ചെടുത്തത്. മുന്‍ മധ്യനിര ബാറ്റര്‍ വി.വി.എസ്. ലക്ഷ്മണ്‍ 29 ടെസ്റ്റുകളിലായി ആറ് സെഞ്ചുറികളടക്കം 49.67 ശരാശരിയില്‍ 2434 റണ്ണെടുത്തു. നിലിവിലെ ടീം കോച്ചും മുന്‍ നായകനുമായ രാഹുല്‍ ദ്രാവിഡ് 32 ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറികളടക്കം 39.68 ശരാശരിയില്‍ 2143 റണ്ണെടുത്തു. മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗും പട്ടികയുടെ മുന്‍നിരയിലുണ്ട്. 22 കളികളിലായി മൂന്ന് സെഞ്ചുറികളടക്കം 41.38 ശരാശരിയില്‍ 1738 റണ്ണെടുക്കാന്‍ സേവാഗിനായി. 2021 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. 2018-19 സീസണില്‍ നാട്ടില്‍ നടന്ന പരമ്പര ഓസ്‌ട്രേലിയ 2-1 നു നേടി. 2016-17 സീസണില്‍ ഇന്ത്യയില്‍ നടന്ന പരമ്പര 2-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. ഫോമിലേക്കു മടങ്ങിയെത്തിയ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സാന്നിധ്യം പരമ്പരയുടെ ആവേശം കൂട്ടും.

കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ സെഞ്ചുറിയടിച്ച് വരള്‍ച്ചയ്ക്കു വിരാമമിട്ട കോഹ്‌ലി ടെസ്റ്റിലും മികവ് തുടരുമെന്ന പ്രതീക്ഷയിലാണ്. വിരലിനു പരുക്കേറ്റ ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍ നാഗ്പുരില്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണു സൂചന. ബോക്‌സിങ് ഡേ ടെസ്റ്റിനിടെയാണു ഗ്രീനിനു പരുക്കേറ്റത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടത് അത്യാവശ്യമാണ്. പരമ്പര കൈവിട്ടാല്‍ സാധ്യതകള്‍ മങ്ങും. നിലവിലെ ഒന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയ ഫൈനല്‍ സീറ്റുറപ്പിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരേ 4-0 ത്തിനു പരമ്പര നേടിയാല്‍ ഇന്ത്യക്കു സംശയമില്ലാതെ പരമ്പര ഉറപ്പിക്കാം. 3-0, 3-1 എന്ന മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടാനും. 3-0 ത്തിനു താഴോട്ട് പോയാല്‍ ഫൈനല്‍ കളിക്കുക പ്രയാസമാകും. ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍. ശ്രീലങ്കയ്ക്കെതിരേ ന്യൂസിലന്‍ഡ് ഒരു ജയവും സമനിലയും നേടിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാവും. ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം മാത്രമല്ല വെസ്റ്റിന്‍ന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരഫലവും ഇന്ത്യക്ക് നിര്‍ണായകമാകും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 2-1 നു കൈവിട്ടാല്‍ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പരമ്പര നേടുകയോ സമനിലയാകുകയോ ചെയ്യേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാകും. ഓസീസ് പരമ്പര കൈവിട്ടാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യതകളുണ്ടെന്ന് ചുരുക്കം. അടുത്തൊന്നും തട്ടകത്തില്‍ ഇന്ത്യ പരമ്പര കൈവിട്ടിട്ടില്ല. പരമ്പര കൈവിട്ടാല്‍ രോഹിത് ശര്‍മ നായകസ്ഥാനത്തുനിന്നു തെറിച്ചേക്കും.

ടീം: ഇന്ത്യ – രോഹിത് ശര്‍മ (നായകന്‍), ലോകേഷ് രാഹുല്‍, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാത്കട്ട്, സൂര്യകുമാര്‍ യാദവ്.
ടീം: ഓസ്‌ട്രേലിയ- പാറ്റ് കുമ്മിന്‍സ് (നായകന്‍), ആഷ്ടണ്‍ ആഗര്‍, സ്‌കോട്ട് ബോലാന്‍ഡ്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോബ്, ജോഷ് ഹാസില്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലാബുഷാഗെ, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ സ്വെപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

Share
അഭിപ്രായം എഴുതാം