ന്യൂഡല്‍ഹി: വിവിധ കായികമത്സരങ്ങള്‍ സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് ഫോര്‍ ഓള്‍ (എസ്.എഫ്.എ.) ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് (കെ.ഐ.വൈ.ജി.) ദൗത്യത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്പോണ്‍സറാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 12.5 കോടി രൂപയാണ് അവര്‍ നിക്ഷേപിക്കുക. അടിസ്ഥാനതലത്തില്‍ പിന്തുണ ലഭിച്ചാല്‍ മാത്രമേ കായിക വിനോദ ശേഷി മത്സരങ്ങളില്‍ പ്രകടമാകു – എസ്.എഫ്.എ. സ്ഥാപകന്‍ ഋഷികേശ് ജോഷി പറഞ്ഞു. രാജ്യത്തെ താഴേ തലങ്ങളിലെ എല്ലാ കായിക ഇനങ്ങള്‍ക്കും ശക്തമായ ചട്ടക്കൂട് നിര്‍മിക്കാനും ഒരു കായിക മഹാശക്തിയായി മാറ്റാനും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണു ഖേലോ ഇന്ത്യ.
ദൗത്യം നിറവേറ്റാന്‍ സംസ്ഥാനതല ഖേലോ ഇന്ത്യാ കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍, പ്രതിഭകളെ കണ്ടെത്തല്‍, പരിശീലനം, സ്ത്രീകള്‍ക്കുള്ള കായിക വിനോദങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കായി കായിക വിനോദങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്ന പന്ത്രണ്ട് വ്യത്യസ്ത വിഭാഗങ്ങളായി പരിപാടി വിഭജിച്ചിരിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സംസ്ഥാനങ്ങളിലേക്കും 15 ലക്ഷം കുട്ടികളിലേക്കും എസ്.എഫ്.എ. പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. ദേശീയ ഗെയിംസ് 2022, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021 എന്നിവയില്‍ ഡിജിറ്റലും സാങ്കേതികവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു.