ബി.ബി.സി. കോണ്‍ഗ്രസിന് പറ്റിയ പങ്കാളി: അനില്‍ ആന്റണി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയെച്ചൊല്ലിയുള്ള പരാമര്‍ശങ്ങള്‍ക്കുപിന്നാലെ പാര്‍ട്ടി പദവികള്‍ രാജിവച്ചൊഴിഞ്ഞ അനില്‍ ആന്റണി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് വീണ്ടും രംഗത്ത്. ഇന്ത്യയുടെ വികലഭൂപടം പ്രസിദ്ധീകരിച്ച് മുന്‍പരിചയമുള്ള ബി.ബി.സി. കോണ്‍ഗ്രസിന് ഏറ്റവും അനുയോജ്യരായ സഖ്യകക്ഷിയാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകനായ അനിലിന്റെ പരിഹാസം. ബി.ബി.സിയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ ഇതാദ്യമായല്ലെന്നു വ്യക്തമാക്കിയാണ് അനില്‍ കോണ്‍ഗ്രസ്‌വിരുദ്ധചായ്‌വ് വീണ്ടും പ്രകടിപ്പിച്ചത്. ‘നിക്ഷിപ്ത താല്‍പര്യങ്ങളില്ലാത്ത സ്വതന്ത്രമാധ്യമങ്ങള്‍ അനിവാര്യമാണെന്നതു വസ്തുതയാണ്. പക്ഷേ, ബി.ബി.സി. മുമ്പും ഇന്ത്യക്കെതിരായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള മാധ്യമമാണ്. രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധിച്ച പരമാധികാരം ചോദ്യംചെയ്ത് കശ്മീര്‍ ഉള്‍പ്പെടുത്താത്ത ഭൂപടം അവര്‍ പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ കോണ്‍ഗ്രസിനും പങ്കാളികള്‍ക്കും യോജിച്ച സഖ്യകക്ഷിയാണു ബി.ബി.സി”- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ്, വക്താവ് സുപ്രിയ ശ്രീനാഥെ എന്നിവരെ ടാഗ് ചെയ്ത് അനില്‍ ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ സമാപിച്ച ദിവസമാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് അനില്‍ ട്വീറ്റ് ചെയ്തതെന്നതും ശ്രദ്ധേയം. ബി.ബി.സി. മുമ്പ് പ്രസിദ്ധീകരിച്ച ജമ്മു കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും അനില്‍ പങ്കുവച്ചിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കാളിത്തമുണ്ടെന്ന് ആരോപിച്ച് പ്രക്ഷേപണം ചെയ്ത ബി.ബി.സി. ഡോക്യുമെന്ററി സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടുകള്‍ക്കു നേര്‍വിപരീത അഭിപ്രായമായിരുന്നു അനിലിന്. ഇന്ത്യക്കാര്‍ ബി.ബി.സിയുടെ വീക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് അപകടകരമായ പ്രവണതയാണെന്നായിരുന്നു അനിലിന്റെ ട്വീറ്റ്. ഇതിനെതിരേ പാര്‍ട്ടിയില്‍നിന്ന് വിമര്‍ശനവര്‍ഷം ഉയര്‍ന്നതോടെ എ.ഐ.സി.സി. സോഷ്യല്‍ മീഡിയ ദേശീയ കോ-ഓര്‍ഡിനേറ്റര്‍, കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എന്നീ പദവികള്‍ അനില്‍ രാജിവച്ചൊഴിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →