കേന്ദ്ര നിയമ മന്ത്രിക്കെതിരേ ജസ്റ്റിസ് നരിമാന്‍

ന്യൂഡല്‍ഹി: കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിയോജിപ്പുകള്‍ കെട്ടടങ്ങാതിരിക്കെ നിയമമന്ത്രി കിരണ്‍ റിജിജുവിനെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിന്റണ്‍ ഫാലി നരിമാന്‍. ജുഡീഷ്യറിയെക്കുറിച്ച് മന്ത്രി റിജിജു നടത്തിയ പരാമര്‍ശങ്ങളെ അധിക്ഷേപമെന്നു വിളിച്ച നരിമാന്‍, കോടതിവിധി അംഗീകരിക്കുകയെന്നത് നിയമമന്ത്രിയുടെ കടമയാണെന്നും ഓര്‍മ്മിപ്പിച്ചു.

അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ ചോദ്യം ചെയ്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെയും വെള്ളിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പേരെടുത്തു പറയാതെ അദ്ദേഹം വിമര്‍ശിച്ചു. അടിസ്ഥാന ഘടന ഇവിടെ നിലനില്‍ക്കുമെന്നു ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി. കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പേരുകളില്‍ കേന്ദ്രം മെല്ലെപ്പോക്കു നടത്തുന്നത് ജനാധിപത്യത്തിനു ദോഷകരമാണ്. സര്‍ക്കാരിനു പ്രതികരിക്കാന്‍ 30 ദിവസത്തെ സമയപരിധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുണ്ടായില്ലെങ്കില്‍ ശിപാര്‍ശകള്‍ സ്വയമേവ അംഗീകരിക്കപ്പെടുമെന്നു ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.
കൊളീജിയം സമ്പ്രദായത്തിനെതിരേ നിയമമന്ത്രി അധിക്ഷേപകരമായി സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ രണ്ട് അടിസ്ഥാന ഭരണഘടനാ പ്രമാണങ്ങള്‍ അദ്ദേഹം അറിഞ്ഞിരിക്കണം.

അഞ്ചോ അതിലധികമോ ജഡ്ജിമാര്‍ ഭരണഘടനയെ വ്യാഖ്യാനിച്ചുകഴിഞ്ഞാല്‍, ആര്‍ട്ടിക്കിള്‍ 144 പ്രകാരം ആ വിധിയെ അനുസരിക്കാന്‍ അധികാരസ്ഥാനത്തുള്ളയാള്‍ നിലയില്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഒരു പൗരനെന്ന നിലയില്‍ ഇപ്പോള്‍ തനിക്കതിനെ വിമര്‍ശിക്കാം. എന്നാല്‍ അധികാരസ്ഥാനത്തുള്ള നിയമമന്ത്രി ശരിയായാലും തെറ്റായാലും വിധിക്കു വിധേയനാണ്- അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന ജഡ്ജിമാരുടെ പാനലായ സുപ്രീം കോടതി കൊളീജിയത്തിനാണ് 1993 മുതല്‍ ജഡ്ജിമാരുടെ നിയമനച്ചുമതല. ഈ പ്രക്രിയയില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കാന്‍ കാലങ്ങളായി സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതു സംബന്ധിച്ച കേന്ദ്രനിലപാടിനെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറും പിന്തുണച്ചിരുന്നു. അടിസ്ഥാന ഘടനാ സിദ്ധാന്തത്തെ ചോദ്യംചെയ്ത അദ്ദേഹം ജുഡീഷ്യറി അതിന്റെ പരിധികള്‍ അറിയണമെന്നു സൂചിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. 2021 ഓഗസ്റ്റില്‍ വിരമിക്കുന്നതിന് മുമ്പ് കൊളീജിയത്തിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് നരിമാന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →