അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ്: ആന്റണി സണ്ണി പിടിയില്‍

കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍. കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസ് പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ബിനുമോഹനും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇതുവരെ ലഭിച്ച 350ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പോലീസ് പറയുന്നത്. രാജ്യത്തിനു പുറത്തുനിന്നു വന്‍ തോതില്‍ സ്ഥാപനത്തിലേക്കു പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹവാല ഇടപാടുകള്‍ നടന്നതായുള്ള സംശയവും പോലീസിനുണ്ട്. 2020ലാണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്പളവും നിക്ഷേപകര്‍ക്കു പലിശയും കൃത്യമായി നല്‍കിയിരുന്നതായാണു വിവരം. കേസിലെ പ്രതികളായ തൃശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →