മഞ്ചേരി: അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി അഞ്ചുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളിപടിക്കല്‍ വീട്ടില്‍ സുജിത്(24) നെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2014 മാര്‍ച്ചിലെ രണ്ടു ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്ലാത്ത ദിവസം ബന്ധുവീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുന്ന കുട്ടിയെ ബന്ധുവിന്റെ സുഹൃത്തായ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലുമായി അഞ്ചുവര്‍ഷം വീതവും 25000 രൂപ വീതവുമാണു ശിക്ഷ. പിഴയടയ്ക്കാത്തപക്ഷം ഒരോ വകുപ്പിലും ഒരു മാസം വീതം അധികതടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
വേങ്ങര എസ്.ഐയായിരുന്ന വി. ഹരിദാസനാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. ഡി.സി.ആര്‍.ബി അസി. എസ്.ഐ: എന്‍. സല്‍മ, വനിതാ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍മാര്‍.