കുറ്റ്യാടി: അയല്‍വാസികളായ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കായക്കൊടി പഞ്ചായത്തിലെ വണ്ണാത്തിപ്പൊയിലിലാണു സംഭവം. വണ്ണാന്റെ പറമ്പത്ത് ബാബു(50)വിനെ വീട്ടില്‍ കഴുത്തറത്തു കൊല്ലപ്പെട്ടനിലയിലും അയല്‍വാസി രാജീവനെ(51) മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ബാബുവിനെ കഴുത്തറത്തും വയറുകീറിയനിലയിലും വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ഭാര്യ അങ്കണവാടിയില്‍ പോയി തിരിച്ചുവന്നശേഷമാണ് ഭര്‍ത്താവിന്റെ മൃതദേഹം കാണുന്നത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് അയല്‍വാസിയായ രാജീവനെ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണാനായത്. രണ്ടു പേരുടെയും ദുരൂഹമരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബാബു വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നത്. കാലത്താണ് കൊലപാതകം നടന്നത്. ബാബുവിന്റെയും രാജീവന്റെയും കുടുംബങ്ങള്‍ ഏറെ സൗഹൃദപരമായാണ് കഴിഞ്ഞുവരുന്നത്. മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.