പരിശോധനയ്‌ക്കൊരുങ്ങി സെബി; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിസേര്‍ച്ചിന്റെ കണ്ടെത്തലുകളില്‍ സെക്യൂരിറ്റിസ് ആന്റ് എകസ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരേ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യു.എസ്. ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനത്തിന്റെ കണ്ടെത്തല്‍ വന്‍ വിവാദമാകുമ്പോഴാണ് റിപ്പോര്‍ട്ട് സെബി പരിശോധിക്കുന്നത്. ഗ്രൂപ്പിന്റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും പരിശോധിക്കുന്നത്. എന്നാല്‍, കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല.

അതേസമയം, അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലുകള്‍ പുറത്തു വരുമ്പോഴും വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൗനം തുടരുകയാണ്. മോദി സര്‍ക്കാരും അദാനിയും തമ്മില്‍ അടുപ്പമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കേയുണ്ടായ വെളിപ്പെടുത്തല്‍ ബി.ജെ.പിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോണ്‍ഗ്രസും തിരിച്ചടിച്ച് തുടങ്ങി. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണത്തിന് സെബിയും റിസര്‍വ് ബാങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളോട് മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനാസ്ഥ പുലര്‍ത്തുന്നത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോയെന്നും അദ്ദേഹം ചോദിച്ചു.

Share
അഭിപ്രായം എഴുതാം