കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന അന്തര്‍ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.
സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ തെക്കേങ്ങര വീട്ടില്‍ നിഷാദ് (32) എന്നിവരാണു പിടിയിലായത്. ഇന്നലെ രാത്രി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് വിപണിയില്‍ അര ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരികടത്തു സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാര്‍ക്കോട്ടിക്ക്, കൊലപാതകശ്രമം, കൊട്ടേഷന്‍, പിടിച്ചുപറി ഉള്‍പ്പെടെ 20ഓളം കേസുകള്‍ ഉണ്ട്.
നിഷാദ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ഇവര്‍ക്കെതിരേ കാപ്പ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു.